സര്‍ക്കാര്‍ അധ്യാപകരുടെയും ജീവനക്കാരുടെയേും മക്കള്‍ക്ക് അണ്‍ എയ്ഡഡ് സ്കൂളുകളില്‍ ഇനി പ്രവേശമില്ല
കേരളാ അണ്‍എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷനാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്
സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയേും മക്കള്‍ക്ക് അടുത്തവര്‍ഷം മുതല്‍ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ പ്രവേശം നല്‍കേണ്ടെന്ന് തീരുമാനിച്ചു. കേരളാ അണ്‍എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷനാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. പൊതുവിദ്യാഭസത്തെ തകര്‍ക്കുന്നത് അണ്‍എയ്ഡഡ് സ്കുളുകളാണെന്ന ആക്ഷേപം ഉയരുന്നതിനെത്തുടര്‍ന്നാണ് അസോസിയേഷന്റെ കടുത്ത തീരുമാനം.
ഏറെ വിവാദങ്ങളുണ്ടാകാന്‍ സാധ്യതയുള്ള തീരുമാനമാണ് കേരളാ അണ്‍എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ എടുത്തിരിക്കുന്നത്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നത് അണ്‍ എയ്ഡഡ് മേഖലയാണെന്ന ആക്ഷേപത്തിന് മറുപടി നല്‍കുന്നതിന് വേണ്ടിയാണ് കടുത്ത നടപടിയിലേക്ക് പോയതെന്നാണ് സംഘടനയുടെ വിശദീകരണം.
അടുത്തവര്‍ഷം മുതല്‍ തീരുമാനം നടപ്പിലാക്കാനാണ് നീക്കം. അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് എതിര്‍പ്പുണ്ടങ്കില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനും സംഘടന തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ അണ്‍എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍ ജീവനക്കാരുടെ മക്കള്‍ക്ക് പഠനം തുടരാനുള്ള സാഹചര്യം ഒരുക്കുമെന്നാണ് വിശദീകരണം. തീരുമാനം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട്.