പുതിയ കയര്‍ നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കും
യന്ത്രവത്കരണത്തിനും വിപണനത്തിനും മുൻതൂക്കം നൽകുന്ന പുതിയ കയർ നയത്തിന് സർക്കാർ രൂപം നൽകുന്നു.
യന്ത്രവത്കരണത്തിനും വിപണനത്തിനും മുൻതൂക്കം നൽകുന്ന പുതിയ കയർ നയത്തിന് സർക്കാർ രൂപം നൽകുന്നു. ആഗോള വിപണിയിൽ ഗുണനിലവാരമുള്ള ഉൽപന്നങ്ങളെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി സംസ്ഥാനത്തെ കയർ ഉത്പാദന മേഖലയുടെ പൂർണ വിവരം ശേഖരിക്കാൻ സർവ്വേ ആരംഭിച്ചു.
സ്വകാര്യ ഏജൻസികളുടെ സഹായത്തോടെയാണ് കയർ മേഖലയെക്കുറിച്ച് പഠനം നടക്കുന്നത്. കയർ ഉൽപന്നങ്ങളുടെ ഉത്പാദനവും വിപണനവും എങ്ങനെ മെച്ചപ്പെടുത്താമെന്നതാണ് സർവേയുടെ പ്രധാന ലക്ഷ്യം. കയർ വകുപ്പിന് കീഴിലെ കയർഫെഡ്, ഫോം മാറ്റിംഗ്സ്, കയർ കോർപറേഷൻ, കയർ ഉൽപന്ന നിർമാണ കോർപറേഷൻ എന്നിവയുടെ നവീകരണം സംബന്ധിച്ചും പഠനം നടത്തുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ കയർ ഉത്പാദന കേന്ദ്രങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ച വിവരങ്ങളാണ് പഠന സംഘം ശേഖരിക്കുന്നത്.
നഷ്ടത്തിലുള്ള സ്ഥാപനങ്ങളുടെ വികസനത്തിന് പദ്ധതി തയ്യാറാക്കുക, അനുയോജ്യമായ തരത്തിൽ യന്ത്രവൽകരണം നടത്തുക, ഉൽപ്പന്നങ്ങളിൽ വൈവിധ്യവൽക്കരണം എന്നിവ സംബബന്ധിച്ചും പഠനം നടത്തുന്നുണ്ട്. പുതിയ കയർ നയത്തിന് രൂപം നൽകുന്നതിന് മുൻപ് വകുപ്പുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തൊഴിലാളി സംഘടനകളുമായുള്ള ചർച്ചകളും ആരംഭിച്ചു. ഇതുവഴി വികസന പ്രവർത്തനങ്ങൾ എതിർപ്പില്ലാതെ നടപ്പിലാക്കാനാണ് സർക്കാർ ശ്രമം.