സക്കീര്‍ ഹുസൈനെതിരായ കേസില്‍ അന്വേഷണം പോലീസിലേക്കും
മുന്‍ തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറെ ചോദ്യം ചെയ്യും
സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരായ അന്വേഷണം പോലീസ് ഉദ്യോഗസ്ഥരിലേക്കും നീളുന്നു. കേസുമായി ബന്ധപ്പെട്ട് തൃക്കാക്കര മുന്‍ എസിപിയായ ബിജോ അലക്സാണ്ടറെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. സക്കീറിനെതിരായ യുവ സംരഭകയുടെ പരാതിയില്‍ ബിജോ അലക്സാണ്ടറിന്‍റെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം സക്കീറന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചില്ല
ഫാം നടത്തിപ്പുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് കൊച്ചി തമ്മനം സ്വദേശിയായ ജൂബി പൌലോസ് സക്കീര്‍ ഹുസൈനെതിരെയും ഷീലാ തോമസിനെതിരെയും മുന്‍ തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറായിരുന്ന ബിജോ അലക്സാണ്ടറിന് പരാതി നല്കിയിരുന്നു. എന്നാല്‍ ഈ പരാതി പരിഗണിക്കാതെ കേസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്നാണ് ബിജോ അലക്സാണ്ടറിനെതിരായ ആരോപണം. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിത്. ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായതിനാല്‍ ജില്ല പോലീസ് മേധാവിയാകും ഇയാളെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിജോ അലക്സാണ്ടറിന് നോട്ടീസും കൈമാറിയിട്ടുണ്ട്. സക്കീറിനെതിരായ പരാതികള്‍ ചോര്‍ത്തി നല്കുന്നതും ഒത്ത് തീര്‍പ്പാക്കുന്നതും ബിജോ അലക്സാണ്ടറാണെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. സക്കീര്‍ ഹുസൈനെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് അന്വേഷണം പോലീസിലേക്കും നീങ്ങുന്നത്. അതേസമയം സക്കീര്‍ ഹുസൈന്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രസിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചില്ല. മറ്റ് കേസുകള്‍ ഉള്ളതിനാല്‍ നാലാ തിയതിയിലേക്ക് ഇത് മാറ്റിവെച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യ ഹരജി മാറ്റിയ സാഹചര്യത്തില്‍ സക്കീറിനായുള്ള തിരച്ചിലും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്