മികവിന്റെ കേന്ദ്രമായി പാങ്ങോട് സ്കൂള്‍
20 വര്‍ഷം മുന്‍പ് കുട്ടികളുടെ എണ്ണം കുറഞ്ഞ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ വിദ്യാലയത്തില്‍ ഇന്ന് അഞ്ഞൂറിലേറെ പേരാണ് പഠിക്കുന്നത്
ലാഭക്കണക്ക് നോക്കി സ്കൂളുകള്‍ക്ക് മാനേജ്മെന്റുകള്‍ താഴിടുമ്പോള്‍ നഷ്ടക്കണക്കില്‍ നിന്ന് മികവിന്റെ കേന്ദ്രമായി ഉയര്‍ന്ന വിദ്യാലയത്തിന്റെ വിജയഗാഥയാണ് തിരുവനന്തപുരത്തെ കെവിയുപിഎസ് പാങ്ങോടിന്റേത്. 20 വര്‍ഷം മുന്‍പ് കുട്ടികളുടെ എണ്ണം കുറഞ്ഞ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ വിദ്യാലയത്തില്‍ ഇന്ന് അഞ്ഞൂറിലേറെ പേരാണ് പഠിക്കുന്നത്. മാനേജ്മെന്റ് മാറ്റമാണ് സ്കൂളിന്റെ ഗതിയെ മാറ്റിയത്.
ഒരു ഫാം ഹൌസാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇതൊരു യുപി സ്കൂളാണ്. 90 കളില്‍ അടച്ചുപൂട്ടലിലേക്ക് പോയിരുന്ന കെവിയുപി സ്കൂള്‍ പാങ്ങോട് ഇന്ന് വിജയങ്ങളുടെ നെറുകയിലാണ്. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഒന്നിച്ച് നിന്നപ്പോള്‍ ലാഭം നോക്കാതെ സ്കൂള്‍ ഏറ്റെടുത്ത പുതിയ മാനേജ്മെന്റ് പിന്തുണ നല്‍കി.1995ന് ശേഷം സ്കൂളിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. വളര്‍ച്ചയുടെ പടവ് കയറിയതോടെ ജൈവവിദ്യാലയം എന്ന ആശയത്തിലൂന്നിയായി പിന്നീടുള്ള പ്രവര്‍ത്തനം. പഠനത്തിനൊപ്പം കൃഷിയെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചുമെല്ലാം വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കാന്‍ അധ്യാപകര്‍ ശ്രദ്ധിച്ചു. 18 ക്ലബുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
മുന്‍രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ ഓര്‍മക്കായി നിര്‍മിച്ച പ്രവേശനകവാടം, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മുട്ടക്കോഴി പരിപാലന യൂണിറ്റ്, മുയലുകള്‍, കുട്ടികളുടെ പാര്‍ലമെന്റ് എന്നിവയെല്ലാം ഈ വിദ്യാലയത്തിന്റെ കാഴ്ചകളാണ്. മാനേജ്മെന്റും നാട്ടുകാരും രക്ഷകര്‍ത്താക്കളും ഒരുമിച്ചാല്‍ മികവ് അപ്രാപ്യമല്ലെന്ന തെളിയിക്കുന്നതാണ് ഈ സ്കൂളിന്റെ അനുഭവം.