പാറ്റൂര്‍ കേസ്; ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം, സര്‍ക്കാരിന് തിരിച്ചടി
പാറ്റൂരിലെ ഫ്‌ളാറ്റ് കമ്പനിയുടെ ഭൂമിയില്‍ നിന്ന് ജല അതോറിറ്റിയുടെ പൈപ്പുകള്‍ മാറ്റാനുള്ള സര്‍ക്കാര്‍ ഉത്തരവോടെയാണ് രാഷ്ട്രീയ വിവാദത്തിന് തുടക്കം.
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെയും യു ഡി എഫിനെയും പ്രതിസന്ധിയിലാക്കിയ രാഷ്ട്രീയ വിവാദമായിരുന്നു ഏറെ കോളിളക്കമുണ്ടാക്കിയ പാറ്റൂര്‍ കേസ്. എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കിയതോടെ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടാണ് അംഗീകരിക്കപ്പെടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയങ്ങളിലൊന്നായിരുന്ന പാറ്റൂരിലെ വിധി സര്‍ക്കാരിനും എല്‍ഡിഎഫിനും തിരിച്ചടിയാണ്.
പാറ്റൂരിലെ ഫ്‌ളാറ്റ് കമ്പനിയുടെ ഭൂമിയില്‍ നിന്ന് ജല അതോറിറ്റിയുടെ പൈപ്പുകള്‍ മാറ്റാനുള്ള സര്‍ക്കാര്‍ ഉത്തരവോടെയാണ് രാഷ്ട്രീയ വിവാദത്തിന് തുടക്കം. അന്നത്തെ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ നേരിട്ടിറക്കിയ ഉത്തരവിന് നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ആയിരുന്നു. ജല അതോറിറ്റിയുടെ ഭൂമി കൈയ്യേറിയ ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഒത്താശ ചെയ്യുന്നതാണ് ഈ നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. സോളാര്‍, കടകംപള്ളി കേസിനൊപ്പം പാറ്റൂരും എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കി. ലോകായുക്തയില്‍ ജേക്കബ് തോമസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഉമ്മന്‍ചാണ്ടിയുടെയും ഭരത് ഭൂഷന്റെയും പേര് പരാമര്‍ശിക്കുന്നത്. ഈ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. എഫ്‌ഐആര്‍ റദ്ദാക്കിയതോടെ എല്‍ഡിഎഫ് പ്രചാരണവും ജേക്കബ് തോമസിന്റെ നടപടിയും തെറ്റായിരുന്നുവെന്ന് സ്ഥാപിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയും.
ഏറെ കോലാഹലമുണ്ടാക്കിയ കേസ് തങ്ങളുടെ ഭരണകാലത്തു തന്നെ തള്ളിപ്പോകുന്നത് എല്‍ഡിഎഫിന് തിരിച്ചടിയാകും. തുടര്‍ നടപടി സാധ്യത സര്‍ക്കാര്‍ പരിശോധിക്കും. നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് പരാതിക്കാരായ പൊതുപ്രവര്‍ത്തകരുടെ തീരുമാനം.