ബേപ്പൂര്‍ ബോട്ടപകടം; മരിച്ച ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം തീരത്തെത്തിച്ചു
പകുതി മുങ്ങിയ ബോട്ടില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് പ്രിന്‍സിന്റെയും ആന്റോയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തിനടുത്തുണ്ടായ ബോട്ടപകടത്തില്‍ മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം തീരത്തെത്തിച്ചു. നാഗര്‍കോവില്‍ സ്വദേശി ആന്റണിയുടെ മൃതദേഹമാണ് ഇന്നലെ അര്‍ധരാത്രിയോടെ തീരത്തെത്തിച്ചത്. തിരുവനന്തപുരം സ്വദേശി പ്രിന്‍സിന്റെ മൃതദേഹം കരക്കെത്തിക്കാനായില്ല. രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ബേപ്പൂര്‍ തുറമുഖത്ത് നിന്ന് 46 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. പകുതി മുങ്ങിയ ബോട്ടില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് പ്രിന്‍സിന്റെയും ആന്റോയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പുറത്തെത്തിച്ചു. ഈ മൃതദേഹം രാത്രി ഒരു മണിയോടെ ബേപ്പൂര്‍ തുറമുഖത്തെത്തിച്ചു.
കൊച്ചി നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചെങ്കിലും തീരസംരക്ഷണ സേന സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി ജോണ്‍സണ്‍ നാഗര്‍കോവിലില്‍ നിന്നുള്ള റമ്യാസ് എന്നിവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അപകടത്തെ കുറിച്ച് മര്‍ക്കന്റൈന്‍ മറൈന്‍ വകുപ്പ് അന്വേഷണം നടത്തും.