നടിയെ ആക്രമിച്ച സംഭവം: സിനിമാരംഗം കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ സിനിമാ മേഖലയിലുള്ളവരുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു.
കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിൽ അന്വേഷണം സിനിമാ മേഖലയിലേക്ക്. പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത് സിനിമ രംഗത്തുള്ളവർ നേരിട്ടാണ് എന്നതിന് വ്യക്തമായ സൂചനകൾ പൊലീസിന് ലഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി മലയാളത്തിലെ പ്രമുഖ നടനെയും പൊലീസ് ചോദ്യം ചെയ്തു.
പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെയും പ്രതികളുടെ ഫോണ്‍ രേഖകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം സിനിമാരംഗത്തേക്ക് വ്യാപിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രമുഖ നടനെയും സംവിധായകനെയും ചോദ്യംചെയ്തത്. നടി ഒടുവില്‍ അഭിനയിച്ച സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും മൊഴിയെടുക്കും.
അതേസമയം ക്വട്ടേഷനുമായി തനിക്ക് ബന്ധമില്ലെന്ന മണികണ്ഠന്റെ വാദം പൊലീസ് തള്ളി. നടിയെ ആക്രമിക്കുന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് മണികണ്ഠനാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ പൊലീസ് കൂടുതല്‍ ചോദ്യംചെയ്യുകയാണ്.
അതേസമയം മുഖ്യപ്രതി പള്‍സര്‍ സുനി തമിഴ്നാട്ടിലുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പൾസർ സുനിയും വിജീഷും ഒരുമിച്ചാണ് ഒളിവിൽ പോയത്. പൊലീസിൽ കീഴടങ്ങാമെന്ന് മണികണ്ഠന് പറഞ്ഞിഞ്ഞെങ്കിലും സുനിയും വിജീഷും ഇത് സമ്മതിച്ചില്ല. തര്‍ക്കത്തെ തുടര്‍ന്നാണ് മണികണ്ഠന് ഇരുവരുമായി പിരിഞ്ഞതെന്നാണ് പൊലീസ് നല്കുന്ന വിശദീകരണം.