മുജാഹിദ് പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധം ശക്തം

Update: 2018-04-21 07:06 GMT
Editor : Subin
മുജാഹിദ് പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധം ശക്തം
Advertising

നിരപരാധികളെന്ന് കണ്ടെത്തിയ വിസ്ഡം പ്രവര്‍ത്തകരെ പൊലീസ് വിട്ടയച്ചെങ്കിലും സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിലാണ് പൊലീസ് കേസ് എടുത്തതെന്നും പ്രസ്താവനയില്‍ പറയുന്നു...

ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് മുസ്ലീം സംഘടന നേതാക്കള്‍ സംയുക്ത പ്രസ്താവന ഇറക്കി. സര്‍ക്കാറിനെയും, പൊലീസിനെയും രൂക്ഷമായി വിമര്‍ശിക്കുന്നതാണ് സംയുക്ത പ്രസ്താവന

Full View

മതപ്രബോധന പ്രവര്‍ത്തനം തടയാന്‍ സംഘ് പരിവാര്‍ ശക്തികള്‍ ആസൂത്രിത ശ്രമം നടത്തുന്നുവെന്ന് സംയുക്ത പ്രസ്താവന കുറ്റപെടുത്തുന്നു. ഇത് മത മൈത്രി തകര്‍ക്കാനുഉള്ള ശ്രമത്തിന്റെ ഭാഗമാണ്. പരസ്യമായി ആര്‍.എസ്.എസിനെ എതിര്‍ക്കുകയും അതേ സമയം സംഘ്പരിവാര്‍ നയം നടപ്പാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പണക്കാട് ഹൈദറലി ഷിഹാബ് തങ്ങള്‍,സമസ്ത ഇ.കെ വിഭാഗം മുശാവറ അംഗം ഡോ.ബഹാവുഉദ്ദീന്‍ മുഹമ്മദ് നദ്വി, കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുള്ളകോയ മദനി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, വിസ്ഡം നേതാവ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍, സമസ്ത ജംഇയത്തുല്‍ ഉലമ നേതാവ് എ.നജീബ് മൗലവി, തബ്ലീഗ് നേതാവ് അബുല്‍ ഖൈര്‍ മൗലവി, എംഎസ്എസ് നേതാവ് പി.മമ്മദ്‌കോയ എന്നിവരാണ് സംയുക്ത പ്രസ്താവനയിറക്കിയത്.

നിരപരാധികളെന്ന് കണ്ടെത്തിയ വിസ്ഡം പ്രവര്‍ത്തകരെ പൊലീസ് വിട്ടയച്ചെങ്കിലും സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിലാണ് പൊലീസ് കേസ് എടുത്തതെന്നും പ്രസ്താവനയില്‍ പറയുന്നു. പൊലീസ് നിയമ ലംഘനത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. വിസ്ഡം പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി.

ഭരണഘടന നല്‍കുന്ന മതപ്രബോധന അവകാശം പൊലീസ് ഹനിക്കുകയാണ് ചെയ്തത്. വിഷയത്തില്‍ നീതിപൂര്‍വ്വമായ സമീപനം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. സമീപകാലത്ത് സംഘ്പരിവാര്‍ അനുകൂല നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തി കുറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രസ്താവന ആവശ്യപെടുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News