സംസ്ഥാന സ്കൂള്‍ കായികോത്സവത്തിലും ഉത്തേജക മരുന്നുപയോഗിച്ചതിന് തെളിവ്
നാഡ റിപ്പോര്‍ട്ട് മീഡിയവണിന് ലഭിച്ചു
സംസ്ഥാന സ്കൂള്‍ മീറ്റിലും ഉത്തേജക മരുന്നുപയോഗത്തിന് തെളിവ്. പാലായില്‍ നടന്ന ഈ വര്‍ഷത്തെ കായികോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം ഉത്തേജക മരുന്നടിച്ചതായി നാഡ പരിശോധനയില്‍ കണ്ടെത്തി. താരത്തിന് നാല് വര്‍ഷം വരെ വിലക്കേര്‍പ്പെടുത്തും. നാഡ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
മരുന്നടിക്ക് പിടിക്കപ്പെട്ടത് എറണാകുളം ജില്ലയില്‍ നിന്നുള്ള താരം. പാലാ സ്കൂള്‍ മീറ്റില്‍ ഈ താരം നേടിയത് ഇരട്ട സ്വര്‍ണം. അതില്‍ ഒരിനത്തില്‍ പുതിയ ദേശീയ റെക്കോഡും കുറിച്ചു. ഈ പ്രകടനം പക്ഷെ, ഉത്തേജക മരുന്നിന്റെ സഹായത്തോടെയായിരുന്നുവെന്നാണ് നാഡ റിപ്പോര്‍ട്ട് തെളിയിക്കുന്നത്.
താരത്തിന്റെ മൂത്ര സാമ്പിളില്‍ കണ്ടെത്തിയത് നിരോധിത പദാര്‍ഥമായ ഹെപ്റ്റമിനോള്‍. സ്റ്റിമുലന്റ് എന്ന വിഭാഗത്തില്‍ പെടുത്തിയിട്ടുള്ള ഈ ഉത്തേജകപദാര്‍ഥം നേരിട്ട് തന്നെ കഴിക്കാന്‍ കഴിയുന്നതാണ്. അതുകൊണ്ട് തന്നെ മരുന്നായോ ഭക്ഷണത്തിനൊപ്പമോ ഉള്ളില്‍ ചെന്നതാകാന്‍ വഴിയില്ല. പിടിക്കപ്പെട്ട താരത്തിന് നാഡയില്‍ അപ്പീല്‍ പോകാം. ബി സാമ്പിള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെടാം. അതും പരാജയപ്പെട്ടാല്‍ നാലു വര്‍ഷം വരെ വിലക്കാണ് ശിക്ഷാ നടപടി. സ്കൂള്‍ തലത്തില്‍ പോലും ഇത്തരം അപകടകരമായ പ്രവണതകള്‍ വളര്‍ന്ന് വരാന്‍ കാരണം കര്‍ശനമായ പരിശോധനകളുടെ അഭാവമാണ്.