സിപിഐ മന്ത്രിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി
മന്ത്രി സഭാ യോഗത്തിൽ നിന്നും വിട്ടു നിന്നതിലൂടെ ഭരണഘടനാ ബാധ്യത ലംഘിച്ച നാല് സി.പി.ഐ മന്ത്രിമാരെ പുറത്താക്കണമെന്ന ഹരജിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബഞ്ച് തള്ളിയത്.
മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിന്ന സിപിഐ മന്ത്രിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയാണ് ഈ വിഷയം പരിഗണിക്കേണ്ടതെന്നും ഇതിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും വ്യക്തമാക്കിയാണ് ഹരജി തള്ളിയത്
മന്ത്രി സഭാ യോഗത്തിൽ നിന്നും വിട്ടു നിന്നതിലൂടെ ഭരണഘടനാ ബാധ്യത ലംഘിച്ച നാല് സി.പി.ഐ മന്ത്രിമാരെ പുറത്താക്കണമെന്ന ഹരജിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബഞ്ച് തള്ളിയത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുത്താനിടയാക്കിയ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു, പി. തിലോത്തമൻ, വി.എസ് സുനിൽകുമാർ എന്നിവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിനിമാ പ്രവർത്തകനായ ആലപ്പി അഷ്റഫാണ് ഹരജി നൽകിയത്.
മറ്റൊരു മന്ത്രിയോടുള്ള നീരസത്തിന്‍റെ ഭാഗമായി നവംബർ 15ന് നാല് മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചത് സത്യപ്രതിജ്ഞാ ലംഘനമാണെന്നായിരുന്നു ഹരജിയിലെ ആരോപണം. മന്ത്രിമാരായി തുടരാൻ ഇവർ അയോഗ്യരാണെന്നും പ്രധാന നയതീരുമാനങ്ങളെടുക്കുന്നതിൽ നിന്ന് മുഖ്യമന്ത്രി ഇവരെ തടയണമെന്നും ഉത്തരവിടണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ ഹരജിക്കാരന് ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ സമീപിക്കാമെന്നും കോടതിക്ക് ഇടപെടാനാവില്ലെന്നും വ്യക്തമാക്കിയാണ് ഡിവിഷൻ ബഞ്ച് ഹരജി തള്ളിയത്.