പത്തനംതിട്ടയില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരായെത്തിയ സംഘം ഉല്ലാസയാത്രക്ക് പോയെന്ന് ആരോപണം

Update: 2018-04-21 00:32 GMT
Editor : admin
പത്തനംതിട്ടയില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരായെത്തിയ സംഘം ഉല്ലാസയാത്രക്ക് പോയെന്ന് ആരോപണം
Advertising

ജില്ലയിലെ മണ്ഡലങ്ങളുടെ ചുമതലയുള്ള തിരഞ്ഞെടുപ്പ് നിരീക്ഷകരാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി ഉല്ലാസ യാത്ര നടത്തിയതായി ആരോപണമുയരുന്നത്.

Full View

പത്തനംതിട്ട ജില്ലയില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരായി എത്തിയ ഉദ്യോഗസ്ഥര്‍ നിയമ ലംഘനം നടത്തുകയും അനധികൃതമായി ഉല്ലാസ യാത്രയിലേര്‍പെടുകയും ചെയ്തതായി ആരോപണം. ജില്ലയിലെ മണ്ഡലങ്ങളുടെ ചുമതലയുള്ള തിരഞ്ഞെടുപ്പ് നിരീക്ഷകരാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി ഉല്ലാസ യാത്ര നടത്തിയതായി ആരോപണമുയരുന്നത്. ചുമതല ഏറ്റെടുത്തതിന് തൊട്ട് പിന്നാലെ നിരീക്ഷകരും ലെയ്സണ്‍ ഓഫീസര്‍മാരും നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് ആക്ഷേപമുയരുന്നത്.

തിരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി പത്തനംതിട്ടയിലെത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ സവാരിയു‌ടെ ഈ ദൃശ്യങ്ങള്‍ കാണുക‌. തിരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് അടക്കം നീക്കം ചെയ്ത് ഒബ്സര്‍വര്‍ എന്ന ബോര്‍ഡും ബീക്കണ്‍ ലൈറ്റും അനധികൃതമായി സ്ഥാപിച്ച് നിയമ വ്യവസ്ഥയെ വെല്ലു വിളിക്കുകയും ഉല്ലാസയാത്ര നടത്തുകയും ചെയ്തതായാണ് ആരോപണം ഉയരുന്നത്. ‌ നമ്പര്‍പ്ലേറ്റില്ലാത്ത വാഹനങ്ങള്‍ നിര‍ത്തിലിറക്കുന്നത് നിയമ ലംഘനത്തിനൊപ്പം സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതുമാണ് പ്രധാന വിമര്‍ശം. ഡെപ്യൂട്ടി കലക്ടറും തഹസില്‍ദാരും നിയമലംഘനത്തിന് അകമ്പടി സേവിച്ചതായും ആക്ഷേപമുണ്ട്.

ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ അടവി കുട്ടവഞ്ചി സവാരി കോന്നി ആനക്കൂട് എന്നിവിടങ്ങളിലേക്കാണ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ചെലവില്‍ വിനോദയാത്ര നടത്തിയത്. ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്താണ് ഉദ്യോഗസ്ഥര്‍ ഉല്ലാസ യാത്ര നടത്തുന്നതെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നിസംഗത പുലര്‍ത്തുന്നതായുമാണ് പ്രധാന ആരോപണം.

തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി എത്തുന്ന ഉദ്യോഗസ്ഥര്‍ പദവികള്‍ ദുരുപയോഗം ചെയ്യുകയും ഉല്ലാസ യാത്രകള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്നത് മുന്‍ കാലങ്ങളിലും പതിവാണെങ്കിലും ഉചിതമായ നടപടികളുണ്ടാവുന്നില്ലെന്നതാണ് പ്രധാന വിമര്‍ശം. തിരഞ്ഞെടുപ്പ് നീരീക്ഷകര്‍ക്കെതിരെ വിമര്‍ശമുന്നയിക്കാന്‍ രാഷ്ട്രീയ നേതാക്കളും തയ്യാറല്ലെന്നത് നിമലംഘനത്തിന് സഹായകമാകുന്നതായാണ് വിലയിരുത്തല്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News