കുരുമുളക് കൃഷിയില്‍ വ്യത്യസ്തമായ പരീക്ഷണങ്ങളുമായി തോട്ടോളി അയൂബ്
വിഷരഹിത പച്ചക്കറി കൃഷിക്ക് ഏറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള കര്‍ഷകനാണ് അയൂബ്
വയനാടിന്റെ വളര്‍ച്ചയില്‍ ഏറിയും കുറഞ്ഞും കുരുമുളക് ഒരു പ്രധാനഘടകമാണ്. ദ്രുതവാട്ടത്തില്‍ കരിഞ്ഞ കുരുമുളക് വള്ളികള്‍ കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ച കഥയും വയനാടിന് പറയാനുണ്ട്. പലരും കൈവിട്ട കുരുമുളക് കൃഷിയില്‍ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്തുകയാണ് വയനാട്ടിലെ ഒരു കര്‍ഷകന്‍.
വിഷരഹിത പച്ചക്കറി കൃഷിക്ക് ഏറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള കര്‍ഷകനാണ് തോട്ടോളി അയൂബ്. സ്വദേശമായ ആറു വാളില്‍ രണ്ട് ഏക്കര്‍ സ്ഥലത്തും മാനന്തവാടി രണ്ടേ നാലില്‍ 9 ഏക്കര്‍ സ്ഥലത്തുമാണ് അയൂബിന്റെ ജൈവകൃഷി. വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കുന്ന അയൂബിന്റെ പുതിയ പരീക്ഷണം കുരുമുളക് കൃഷിയിലാണ്. വിയറ്റ്നാം മാതൃകയിലാണ് സമ്മിശ്ര കൃഷിക്കാരനായ അയൂബിന്റെ കുരുമുളക് തോട്ടം. താങ്ങു കാലുകളായി ഉപയോഗിച്ചിരിക്കുന്നത് പതിനഞ്ച് അടി നീളമുള്ള കോണ്‍ക്രീറ്റ് കാലുകള്‍. കുരുമുക് ചെടിയും താങ്ങും തമ്മില്‍ വെളളത്തിനും വളത്തിനും വേണ്ടിയുളള മത്സരം ഒഴിവാക്കാന്‍ കഴിയുമെന്നതാണ് വിയറ്റ്നാം മാതൃകയുടെ പ്രത്യേകത. താങ്ങു കാലുകള്‍ക്ക് വരാറുള്ള രോഗബാധയും ഒഴിവായിക്കിട്ടും.
വെള്ളത്തിന്റെ മിതമായ ഉപയോഗവും അയൂബിന്റെ ഫാമിനെ വ്യത്യസ്തമാക്കുന്നു. തിരിനന രീതിയിലാണ് ചെടികള്‍ക്ക് വെള്ളമെത്തിക്കുന്നത്. ഇത് കൂടാതെ 3 മഴവെള്ള സംഭരണികളും മൂവായിരത്തോളം മഴക്കുഴികളും ഫാമിലുണ്ട്. കടുത്ത വേനലില്‍ തോട്ടം പച്ചപിടിച്ച് നില്‍ക്കുന്നതിന്റെ രഹസ്യവും ഇതുതന്നെ. നിത്യോപയോഗത്തിനുള്ള ഒരുവിധം പച്ചക്കറികളെല്ലാം ഇവിടെ വിളയുന്നു. മഴവെളള സംഭരണികളില്‍ മത്സ്യകൃഷിയും നടത്തുന്നുണ്ട്. കാസര്‍കോട് കുളളന്‍ പശുക്കളെയാണ് വളത്തിന് ആശ്രയിക്കുന്നത്. ചുരുക്കത്തില്‍ ജൈവകൃഷി ലാഭകരമാവില്ലെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണ് തോട്ടൂളി അയൂബ്.