ഉപതെരഞ്ഞെടുപ്പുകളിലെ വിജയക്കരുത്തിൽ പ്രതിപക്ഷം; നേട്ടം പ്രതിപക്ഷ നേതാവിൻ്റേതും

താരപദവിയുള്ള ദേശീയ നേതാക്കളുടെ സാന്നിധ്യമില്ലാതെതന്നെ മികച്ച വിജയം നേടാമെന്ന് കോൺഗ്രസ് പാലക്കാട്ട് തെളിയിച്ചു

Update: 2024-11-25 02:02 GMT
Advertising

തിരുവനന്തപുരം: കേരളത്തിലെ പ്രതിപക്ഷത്തിന് കൂടുതൽ കരുത്ത് പകരുന്നതാണ് ഉപതെരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനം. അരങ്ങിലും അണിയറയിലും തെരഞ്ഞെടുപ്പിനെ നയിച്ച പ്രതിപക്ഷ നേതാവിനും ഇത് നേട്ടമാണ്. വി.ഡി സതീശൻ പ്രഭാവം ശക്തിപ്പെടുന്നത് കോൺഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലും നിർണായകമാകും.

സ്ഥാനാർഥി നിർണയം മുതൽ പ്രചാരണത്തിനടക്കം കൃത്യമായ പദ്ധതികളുണ്ടായിരുന്നു യുഡിഎഫിന്. ഓരോന്നും ചിട്ടയോടെ നടപ്പാക്കി. അപശബ്ദങ്ങളില്ലാതെ വിജയത്തിലേക്ക് വഴിവെട്ടി. പാലക്കാടും വയനാടും വൻ ഭൂരിപക്ഷം. ഇടതുകോട്ടയായ ചേലക്കരയിൽ വിജയക്കുതിപ്പിനെ പിടിച്ചുനിർത്തിയ മികച്ച പ്രകടനം.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല പ്രതിപക്ഷത്തിന്. പാലക്കാട്ടും വയനാടും ഭൂരിപക്ഷത്തിൽ കുറവ് വന്നാൽ പോലും അത് കോൺഗ്രസിലും യുഡിഎഫിലും കനത്ത പ്രത്യാഘാതം സൃഷ്ടിക്കുമായിരുന്നു. എല്ലാം മുന്നണി ഒറ്റക്കെട്ടായി നേരിട്ടു. താരപദവിയുള്ള ദേശീയ നേതാക്കളുടെ സാന്നിധ്യമില്ലാതെതന്നെ മികച്ച വിജയം നേടാമെന്ന് കോൺഗ്രസ് പാലക്കാട്ട് തെളിയിച്ചു.

ഈ നേട്ടങ്ങളിലേക്ക് കോൺഗ്രസിനെയും യുഡിഎഫിനെയും നയിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്നെയാണ്. ചേലക്കരയിൽ പരാജയപ്പെട്ടപ്പോൾ പോലും മികച്ച പ്രവർത്തനം കാഴ്ചവച്ച് ഭൂരിപക്ഷം കുറയ്ക്കാനായി. ചേലക്കരയിൽ സംഘടനാ സംവിധാനം പുതുക്കിപ്പണിത് വരും തെരഞ്ഞെടുപ്പിന് അടിത്തറയിട്ടെന്ന ആത്മവിശ്വാസം പാർട്ടി പ്രവർത്തകർക്ക് നൽകാനും സതീശന് കഴിഞ്ഞു.

കേരളം ഉറ്റുനോക്കിയ പാലക്കാട്ട്, അണിയറ നീക്കങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രചാരണ രംഗത്ത് ഷാഫിയും ശ്രീകണഠനും അടങ്ങുന്നവരെ മുന്നിൽ നിർത്തിയാണ് സതീശൻ പ്രവർത്തിച്ചത്. ഉള്ളിൽ എതിർപ്പ് ഉണ്ടായിരുന്ന നേതാക്കളെയടക്കം പ്രചാരണത്തിനിറക്കി. കെപിസിസി അധ്യക്ഷനെ എല്ലാത്തിനും മുന്നിൽ നിർത്തി. സിപിഎമ്മും ബിജെപിയും നടത്തിയ ധ്രുവീകരണ ശ്രമങ്ങളെയെല്ലാം ഘടകകക്ഷി നേതാക്കളെ കൂടി അണിനിരത്തി നേരിട്ടു. കൂട്ടായ പ്രവർത്തനത്തിന്റെ മികച്ച മാതൃകകളാണ് മൂന്നിടത്തും കോൺഗ്രസ് കാഴ്ചവച്ചത്. സരിൻ മറുകണ്ടം ചാടിയപ്പോൾ ബിജെപി നേതാവ് സന്ദീപ് വാര്യറെ സിപിഎമ്മിന്റെ കൈകകളിൽനിന്ന് തട്ടിയകറ്റി സ്വന്തം പാളയത്തിലെത്തിച്ച് രാഷ്ട്രീയ കേരളത്തെയും ഞെട്ടിച്ചു.

തൃക്കാക്കരയ്ക്കും പുതുപ്പള്ളിക്കും പിന്നാലെ പാലക്കാട്ടും വയനാടും ഭൂരിപക്ഷം വർധിപ്പിച്ച് മണ്ഡലം നിലനിർത്തിയ ഇലക്ഷൻ മാനേജ്മെൻ്റ് യുഡിഎഫിൻ്റെ ആത്മവിശ്വാസം കൂട്ടുന്നതാണ്. മഹാരാഷ്ട്രയിൽ കനത്ത തിരിച്ചടി നേരിട്ട കോൺഗ്രസിന്, കേരളത്തിൽ പ്രിയങ്കക്ക് അടക്കം ഉജ്ജ്വല വിജയം നൽകാനായത് വി.ഡി സതീശനെയും കെ. സുധാകരനെയും ദേശീയതലത്തിലും ശ്രദ്ധേയരാക്കുന്നുണ്ട്. കേരളത്തിലെ കോൺഗ്രസ് നേതൃനിരയിൽ ഇത് സതീശനെ കൂടുതൽ കരുത്തനാക്കും.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News