സേവനപാതയില്‍ നാടിന് മാതൃകയായി കാരുണ്യക്കൂട്ടം
രണ്ട് വര്‍ഷത്തിനിടെ നിരവധി സഹായങ്ങളാണ് കാരുണ്യക്കൂട്ടം നടത്തിയത്
ഒരു കുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സര്‍ക്കാരുകള്‍ക്ക് കഴിയില്ല.എന്നാല്‍ സുമനുസുകളായ നാട്ടുകാര്‍ ഒത്തുചേര്‍ന്നാല്‍ ഒരു നാട്ടിലെ ജനങ്ങളുടെ മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് കോഴിക്കോട് ഉള്ള്യേരിയിലെ കാരുണ്യകൂട്ടം.രണ്ട് വര്‍ഷത്തിനിടെ നിരവധി സഹായങ്ങളാണ് കാരുണ്യക്കൂട്ടം നടത്തിയത്.
എല്ലാ നാട്ടിലേതുപോലെയും ഉള്ള്യേരിയിലെ ചെറുപ്പക്കാര്‍ക്കിടയിലും നിരവധി വാട്സ് അപ്ഗ്രൂപ്പുകളുണ്ട്. ഉള്ള്യേരിയിലെ പ്രവാസികള്‍ക്കായും പ്രത്യക വാട്സ് അപ്പ് ഗ്രൂപ്പുകളുണ്ട്. പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഈ ഗ്രൂപ്പുകളില്‍ ചില ചര്‍ച്ചകളും നടക്കാറുണ്ട്. വിവിധ വാട്സ് അപ്പ് ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് സാമൂഹ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് കാരുണ്യകൂട്ടം.തങ്ങളുടെ നാട്ടിലെ ജനങ്ങളുടെ പ്രയാസങ്ങള്‍ കൂട്ടായ്മയിലൂടെ പരിഹരിക്കുകയാണ് പ്രധാനലക്ഷ്യം.
ചികിത്സ സഹായങ്ങളും, സാമൂഹ്യ പെന്‍ഷനും രക്തദാനവും തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നത്.കാരുണ്യകൂട്ടം നിരവധി വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഫണ്ടുകൊണ്ട് വീടു നിര്‍മ്മാണം പാതിവഴിയില്‍ നില്‍ക്കുന്ന വീടുകളുടെ പണിയും പൂര്‍ത്തീകരിക്കും. കേവലം സാമ്പത്തിക സഹായത്തിനപ്പുറം ശാരിരികവും മാനസികവുമായ പിന്തുണയും നല്‍കുന്നു. കാരുണ്യകൂട്ടത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങളിലെന്നാണ് നിര്‍ധനരായ പെണ്‍ക്കുട്ടികളുടെ വിവാഹം നടത്തികൊടുക്കല്‍. കാരുണ്യകൂട്ടത്തിന് ഉള്ള്യേരി മഹല്ല് കമ്മറ്റിയുടെ പിന്തുണയും ഉണ്ട്.ജാതി മത വ്യത്യാസമില്ലാതെ നടക്കുന്ന ഉള്ള്യേരിയുടെ മാതൃക എല്ലാ ഗ്രാമങ്ങള്‍ക്കും പിന്തുടരാവുന്നതാണ്.