തിരുവോണതോണി ആറന്‍മുളയിലെത്തി
തിരുവോണവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ പ്രമുഖമാണ് തിരുവാറന്‍മുള പാര്‍ഥ സാരഥിക്ക് തിരുവോണ സദ്യയൊരുക്കുന്നതിനുള്ള വിഭവങ്ങളുമായി തിരുവോണ തോണിയുടെ പുറപ്പെടല്‍.
തിരുവോണവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ പ്രമുഖമാണ് തിരുവാറന്‍മുള പാര്‍ഥ സാരഥിക്ക് തിരുവോണ സദ്യയൊരുക്കുന്നതിനുള്ള വിഭവങ്ങളുമായി തിരുവോണ തോണിയുടെ പുറപ്പെടല്‍. കാട്ടൂര്‍ മാങ്ങാട്ട് മഠത്തിലെ ഭട്ടതിരിക്ക് തിരുവാറന്‍മുളയപ്പന്‍റെ സ്വപ്ന ദര്‍ശനമുണ്ടായതുമായി ബന്ധപ്പെട്ടാണ് തിരുവോണ തോണിയുടെ ചരിത്രം.
കാട്ടൂര്‍ മാങ്ങാട്ട് മഠത്തിരിയുടെ ആതിഥ്യം സ്വീകരിച്ച ബാലന്‍ തിരുവോണ നാളില്‍ സദ്യക്കുള്ള വിഭവങ്ങള്‍ ആറന്‍മുളയില്‍ എത്തിച്ച് നല്‍കണമെന്ന് പറയുകയും ആറന്‍മുളത്തപ്പനാണ് തന്റെ ആതിഥ്യം സ്വീകരിച്ചതെന്ന് സ്വപ്ന ദര്‍ശനത്തിലൂടെ മനസിലാവുകയും ചെയ്ത ഭട്ടതിരി പിന്നീടുള്ള തിരുവോണ നാളുകളിലേക്കുള്ള വിഭവങ്ങള്‍ തോണിയിലേറ്റി ആറന്‍മുളയിലെത്തിച്ചു. ഭട്ടതിരിയുടെ പിന്‍മുറക്കാര്‍ ഈ ആചാരം പിന്തുടരുകയും ചെയ്യുന്നു. കാട്ടൂരിലെ 18 നായര്‍ കുടുംബങ്ങള്‍ക്കാണ് തിരുവോണ തോണിയിലേക്കുള്ള വിഭവങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവകാശം. കുമാരനല്ലെരൂല്‍ നിന്ന് ചുരുളന്‍ വള്ളത്തിലേറി കാട്ടൂരെത്തുന്ന മാങ്ങാട്ട് നാരായണ ഭട്ടതിരി ആദ്യം വിഭവങ്ങള്‍ വീതിക്കും. മൂന്നില്‍ രണ്ട് ഭാഗം ആറന്‍മുളയിലേക്കും മൂന്നിലൊന്ന് ഭാഗം ഭട്ടതിരിക്കും ഉള്ളതാണ്.
വിഭവങ്ങളും കാട്ടൂര്‍ ക്ഷേത്രത്തില്‍ നിന്നുള്ള ഭദ്രദീപവുമായി ഭട്ടതിരി തിരുവോണ തോണിയില്‍ പുറപ്പെടും. തിരുവോണ ദിവസം പുലര്‍ച്ചെ 5.30 ഓടെ തിരുവോണ തോണി ആറന്‍മുള ക്ഷേത്ര കടവില്‍ എത്തും. പാര്‍ഥസാരഥിയെ പള്ളിയുണര്‍ത്തിയ ശേഷമാണ് തിരുവോണ സദ്യക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുക. ആറന്‍മുളയിലെ എല്ലാ ദീപങ്ങളും അണച്ച ശേഷം തിരുവോണ തോണിയില്‍ നിന്നുള്ള ഭദ്രദീപം കെടാവിളക്കിലേക്ക് പകരും. അത്താഴ പൂജക്ക് ശേഷം ക്ഷേത്രം മേല്‍ശാന്തിയില്‍ നിന്ന് ഏറ്റുവാങ്ങുന്ന പണക്കിഴി ഭട്ടതിരി ക്ഷേത്ര ഭണ്ഢാരത്തില്‍ നിക്ഷേപിച്ച് കുമാരനെല്ലുരിലേക്ക് മടങ്ങുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും.