ശബരിമലയില്‍ പാചകവാതക സിലിണ്ടറുകള്‍ കൈകാര്യം ചെയ്യുന്നത് അശ്രദ്ധമായി
സന്നിധാനത്തെ ഹോട്ടലുകളില്‍ മുതല്‍ ദേവസ്വത്തിന്റെ അപ്പം, അരവണ പ്ലാന്റില്‍ വരെ നിരുത്തരവാദപരമായാണ് പാചകവാതകം കൈകാര്യം ചെയ്യുന്നതെന്ന് അഗ്നിശമന സേനാ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
ശബരിമലയില്‍ പാചകവാതക സിലിണ്ടറുകള്‍ കൈകാര്യം ചെയ്യുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് അഗ്നിശമന സേനാ വിഭാഗം. സന്നിധാനത്തെ ഹോട്ടലുകളില്‍ മുതല്‍ ദേവസ്വത്തിന്റെ അപ്പം, അരവണ പ്ലാന്റില്‍ വരെ നിരുത്തരവാദപരമായാണ് പാചകവാതകം കൈകാര്യം ചെയ്യുന്നതെന്ന് അഗ്നിശമന സേനാ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
അഗ്നിശമന സേന സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ അരുണ്‍ ഭാസ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പാചക വാതകം കൈകാര്യം ചെയ്യുന്നതിലെ ഗുരുതര വീഴ്ച കണ്ടെത്തിയത്. ഹോട്ടലുകളിലും മറ്റും അന്‍പതും അതിലധികവും സിലിണ്ടറുകള്‍ സംഭരിച്ച് വെച്ചിരിക്കുന്നതും വിറക് അടുപ്പിന് സമീപം ഗ്യാസ് സിലിണ്ടര്‍ സ്ഥാപിച്ചിരിക്കുന്നതും അടക്കമുള്ള പ്രശ്നങ്ങളാണ് ശ്രദ്ധയില്‍പെട്ടത്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമലയില്‍ ഇത്തരം വീഴ്ചകള്‍ അനുവദിക്കാനാവില്ലെന്നാണ് അഗ്നിശമന സേനയുടെ നിലപാട്.
ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിക്കുന്നതിന് ഗോഡൌണ്‍ സൌകര്യം ഏര്‍പ്പാടാക്കുന്നത് അഗ്നിശമനസേനയുടെ പരിഗണനയിലാണ്. സിലിണ്ടറില്‍ നിന്ന് അടുപ്പിലേക്ക് ഇരുമ്പ് പൈപ്പ് വഴി ഗ്യാസ് കണക്ഷന്‍ നല്‍കാന്‍ ഹോട്ടലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹോട്ടലുകളിലും മറ്റും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും വീഴ്ചകള്‍ ഒരാഴ്ചക്കുള്ളില്‍ പരിഹരിച്ചില്ലെങ്കില്‍ അത്തരം സ്ഥാപനങ്ങളുടെ അനുമതി റദ്ദാക്കുന്നതിനും അഗ്നിശമന സേന നടപടിയെടുക്കും. മൂന്ന് ദിവസം തുടര്‍ച്ചയായി അഗ്നിശമനസേനയുടെ പരിശോധന സന്നിധാനത്ത് ഉണ്ടാകും.