മഹാബലിയെ എതിരേല്‍ക്കാന്‍ തൃക്കാക്കരയില്‍ വന്‍ഭക്തജന തിരക്ക്
മഹാബലിയെ വരവേല്‍ക്കുന്ന ചടങ്ങിനുശേഷം വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്.
തിരുവോണത്തിന്റെ മുഖ്യചടങ്ങുകള്‍ നടക്കുന്നത് എറണാകുളത്തെ തൃക്കാക്കര ക്ഷേത്രത്തിലാണ്. ലോകത്തിലെ ഏക വാമനമൂര്‍ത്തീ ക്ഷേത്രമാണ് തൃക്കാക്കരയിലേത്. മഹാബലിയും വാമനനും ഇവിടെ ഒരുപോലെ ആരാധിക്കപ്പെടുന്നു എന്ന പ്രത്യേകതയും ഉണ്ട്.
തിരുവോണ ദിനമായതിനാല്‍ ക്ഷേത്രത്തില്‍ വന്‍ തിരക്കാണ്. പുലര്‍ച്ചെ അഞ്ച് മുതലാണ് ക്ഷേത്രത്തിലെ ചടങ്ങുകള്‍ ആരംഭിച്ചത്. വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് ഇവിടെ വെച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. മഹാബലിയെ തിരികെ ഭൂമിയിലേക്ക് എതിരേല്‍ക്കുന്നതാണ് ക്ഷേത്രത്തിലെ മുഖ്യ ചടങ്ങ്. രാവിലെ ഏഴരയോടെയാണ് ഇത് നടക്കുക. മഹാബലിയെ വരവേല്‍ക്കുന്ന ചടങ്ങിനുശേഷം വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്.
മഹാബലി ആരാധന നടത്തിയിരുന്ന ശിവക്ഷേത്രം വാമന ക്ഷേത്രത്തിന് തൊട്ടടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയും പ്രത്യേക പൂജകള്‍ നടക്കും. ചടങ്ങില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തജനങ്ങള്‍ എത്തിയിട്ടുണ്ട്.