'സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ നിർവീര്യമാക്കുന്നു'; രാഹുൽ ഈശ്വറിനെതിരെ ഹണി റോസ്
ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗിക അധിക്ഷേപ കേസ് നൽകിയതിന് പിന്നാലെ ഹണിയുടെ വസ്ത്രധാരണത്തെ രാഹുൽ വിമർശിച്ചിരുന്നു
കൊച്ചി: രാഹുൽ ഈശ്വറിനെതിരെ ഹണി റോസ്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ നിർവീര്യമാക്കുകയാണ് രാഹുൽ എന്നായിരുന്നു ഹണി റോസിന്റെ ആരോപണം. കഴിഞ്ഞ ദിവസം ചാനൽ ചർച്ചകളിൽ രാഹുൽ ഈശ്വർ നടത്തിയ പരാമർശത്തിലാണ് ഹണിയുടെ പ്രതികരണം. ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗിക അധിക്ഷേപ കേസ് നൽകിയതിന് പിന്നാലെ ഹണിയുടെ വസ്ത്രധാരണത്തെ രാഹുൽ വിമർശിച്ചിരുന്നു.
"സ്ത്രീകൾ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്താലും രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ അദ്ദേഹം, അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകൾ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിർവീര്യം ആക്കും. തന്ത്രി കുടുംബത്തിൽപ്പെട്ട രാഹുൽ പൂജാരി ആകാതിരുന്നത് നന്നായി. തന്ത്രിയായിരുന്നുവെങ്കിൽ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് രാഹുൽ ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ. സ്ത്രീകളെ ഏതു വേഷത്തിൽ കണ്ടാലാണ് രാഹുലിന് നിയന്ത്രണം പോകുന്നതെന്ന് അറിയില്ല. ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ രാഹുലിനില്ല." ഹണി പോസ്റ്റിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ലൈംഗികാധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നും ചൂണ്ടിക്കാട്ടി ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയത്. പരാതിയിൽ പോലീസ് ബൊച്ചയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഹണി റോസിന്റെ വസ്ത്രധാരണത്തെ പരിഹസിക്കുന്ന രീതിയിൽ നിരവധി പേർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.