സ്ത്രീകളുടെ രാത്രിയാത്ര: 'അമ്മ'യുടെ നിലപാടിനോട് സേതുവിന് വിയോജിപ്പ്
സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ രാത്രിയില്‍ ഒറ്റക്ക് പുറത്തു പോകരുതെന്ന അമ്മയുടെ നിലപാടിനോട് വിയോജിച്ച് എഴുത്തുകാരന്‍ സേതു.
സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ രാത്രിയില്‍ ഒറ്റക്ക് പുറത്തു പോകരുതെന്ന അമ്മയുടെ നിലപാടിനോട് വിയോജിച്ച് എഴുത്തുകാരന്‍ സേതു. ഐടി മേഖലയിലുള്‍പ്പെടെ രാത്രി ജോലി ചെയ്യുന്ന അനേകം സ്ത്രീകളുള്ള കേരളത്തില്‍ രാത്രിയില്‍ ഒറ്റക്ക് സഞ്ചരിക്കരുതെന്ന കാഴ്ചപ്പാട് ശരിയല്ല. നടിയെ ആക്രമിച്ച കേസിലെ പ്രതികളെ കോടതി മുറിയില്‍ കടന്ന് പിടികൂടിയ പൊലീസ് നടപടിയോട് യോജിക്കുന്നില്ലെന്നും സേതു മീഡിയവണിനോട് പറഞ്ഞു.
എട്ട് വയസ് മുതല്‍ എണ്‍പത് വയസ്സ് വരെയുള്ളവരെ പീഡിപ്പിക്കുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ആര്‍ക്കും എന്തും ചെയ്യാം എന്ന അവസ്ഥയാണ്. തനിക്ക് നേരെ നടന്ന ആക്രമണത്തില്‍ നടിയുടെ പ്രതികരണം അഭിനന്ദനാര്‍ഹമാണ്. സ്ത്രീകള്‍ രാത്രിയില്‍ ഒറ്റക്ക് സഞ്ചരിക്കരുതെന്ന അമ്മയുടെ നിലപാട് സങ്കടമുണ്ടാക്കുന്നുവെന്ന് സേതു പറഞ്ഞു.
ഇത്തരം കേസുകളില്‍ ഒന്നും സംഭവിക്കില്ലെന്നുള്ളത് ജനം മനസിലാക്കി കഴിഞ്ഞു. പൊലീസിലും രാഷ്ട്രീയത്തിലും സ്വാധീനം ചെലുത്തി പ്രതികള്‍ രക്ഷപ്പെടുകയാണ്. കേസുകളിലെ അന്വേഷണം വേഗത്തില്‍ തീര്‍പ്പാക്കണം. കോടതി പറഞ്ഞാല്‍ പോലും ജനങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന അവസ്ഥ വന്നിരിക്കുന്നു. വിശ്വാസമില്ലായ്മയാണ് സമൂഹത്തിന് സംഭവിച്ചിരിക്കുന്ന വലിയ അപചയമെന്നും സേതു പറഞ്ഞു.