ശക്തിവേലിനെ അറസ്റ്റ് ചെയ്തത് കോടതിയലക്ഷ്യമെന്ന് ഹരജി
ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അറസ്റ്റ് ചെയ്തത് കോടതിയലക്ഷ്യമാണെന്ന് ഹരജിയില്‍ പറയുന്നു.
ജിഷ്ണു കേസില്‍ നെഹ്റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേലിനെ അറസ്റ്റ് ചെയ്തത് കോടതിയലക്ഷ്യമാണെന്ന് ഭാര്യ ഹരജി നല്‍കി. ശക്തിവേല്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കാനാരിക്കെയാണ് ഇന്നലെ തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അറസ്റ്റ് ചെയ്തത് കോടതിയലക്ഷ്യമാണെന്ന് ഹരജിയില്‍ പറയുന്നു.
അതേസമയം കേസിലെ നാലും അഞ്ചും പ്രതികളായ പ്രവീണ്‍, ഡിബിന്‍ എന്നിവരെ ഇന്ന് ഉച്ചക്ക് മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യില്ല. സ്പെഷല്‍ പ്രോസിക്യൂട്ടർ സി പി ഉദയഭാനുവാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
അറസ്റ്റിലായ മൂന്നാം പ്രതി എന്‍ കെ ശക്തിവേല്‍ റിമാന്‍ഡിലാണ്. തൃശൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയാണ് ശക്തിവേലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇന്നലെ ഉച്ചയോടെ കോയമ്പത്തൂരിലെ അന്നൂരില്‍ നിന്ന് പിടിയിലായ ശക്തിവേലിനെ തൃശൂര്‍ പൊലീസ് ക്ലബില്‍ വെച്ച് ചോദ്യം ചെയ്ത ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കേസിലെ നാലാം പ്രതിയായ സി പി പ്രവീണിന്‍റെ വാറന്‍റ് അപേക്ഷയും വടക്കാഞ്ചേരി കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.