ഹൈക്കോടതിയുടെ സുരക്ഷയ്ക്ക് സമഗ്ര പദ്ധതി തയ്യാറാക്കണമെന്ന് ശിപാർശ
ഹൈക്കോടതി മന്ദിരത്തിന്‍റെ സുരക്ഷയ്ക്ക് സംസ്ഥാന ദുരന്ത പരിപാലന അതോറിറ്റി സമഗ്രമായ പദ്ധതി തയ്യാറാക്കണമെന്ന് വിദഗ്ധ സമിതിയുടെ ശിപാർശ.
ഹൈക്കോടതി മന്ദിരത്തിന്‍റെ സുരക്ഷയ്ക്ക് സംസ്ഥാന ദുരന്ത പരിപാലന അതോറിറ്റി സമഗ്രമായ പദ്ധതി തയ്യാറാക്കണമെന്ന് വിദഗ്ധ സമിതിയുടെ ശിപാർശ. പൊതുമരാമത്ത് സെക്രട്ടറി ബിജുപ്രഭാകറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റപ്പോർട്ട് സമർപ്പിച്ചത്. ഹൈക്കോടതിയുടെ സുരക്ഷ മുൻനിർത്തി വേണം പദ്ധതി തയ്യാറാക്കാനെന്ന് റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ ഒഴിപ്പിക്കാൻ സംവിധാനം വേണം, നിലവിലെ കാർ പാർക്കിങ്ങ് സംവിധാനം ക്രമീകരിക്കണം, അഗ്നിശമന സംവിധാനം കുറ്റമറ്റതാണോ എന്ന് പരിശോധിക്കണം, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്ക് സംവിധാനങ്ങൾ കുറ്റമറ്റതാക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കണം, ഇതിനായി വാർഷിക കരാർ നിൽകുന്ന കാര്യം പരിശോധിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ പറയുന്നു. ബലക്ഷയം സംബന്ധിച്ച് മദ്രാസ് ഐഐടിയിലെ റിട്ട. പ്രഫ.പി.കെ അരവിന്ദൻ, തിരച്ചിറ്റപ്പള്ളി എൻഐടിയിലെ ഡോ. നടരാജൻ എന്നിവരുടെ പരിശോധനാ റിപ്പോർട്ടുകൾ പഠിക്കണം, കടലിനോട് ചേർന്ന് നിൽക്കുന്ന സാഹചര്യം കെട്ടിടത്തെ എത്രത്തോളം ബാധിച്ചു എന്നും പരിശോധിക്കണമെന്നും ശിപാർശയിലുണ്ട്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് അറ്റകുറ്റപണി പൂർത്തീകരിക്കാൻ 42 ലക്ഷം രൂപ വേണം. ഹൈക്കോടതി അംഗീകാരത്തോടെ ശുപാർശകൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിർമാണത്തിലെ അപാകത മൂലം ഹൈക്കോടതിയുടെ പുതിയ മന്ദിരം അപകടാവസ്ഥയിലായതോടെയാണ് ഇതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചത്.