ചാണ്ടിയുടെ ഹരജിയിന്മേലുള്ള കോടതി വിധിപ്പകര്‍പ്പ് ഇന്ന് ലഭിച്ചേക്കും
കായല്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഹരജിയിന്മേലുള്ള കോടതി വിധിയുടെ പകര്‍പ്പ് ഇന്ന് ലഭിച്ചേക്കും. കോടതി വാക്കാല്‍ നടത്തിയ പരാമര്‍ശങ്ങളൊന്നും വിധിപ്പകര്‍പ്പില്‍ ഉണ്ടാവില്ലെന്നാണ്..
കായല്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഹരജിയിന്മേലുള്ള കോടതി വിധിയുടെ പകര്‍പ്പ് ഇന്ന് ലഭിച്ചേക്കും. കോടതി വാക്കാല്‍ നടത്തിയ പരാമര്‍ശങ്ങളൊന്നും വിധിപ്പകര്‍പ്പില്‍ ഉണ്ടാവില്ലെന്നാണ് തോമസ് ചാണ്ടിയുടെ നിലപാട്. വിധിപ്പകര്‍പ്പില്‍ എതിര്‍ പരാമര്‍ശങ്ങളുണ്ടെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് നീക്കം.
കയ്യേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച തോമസ് ചാണ്ടിക്ക് ലഭിച്ചത് വിമര്‍ശങ്ങളുടെ പെരുമഴ. എന്നാല്‍ പരാമര്‍ശങ്ങളെല്ലാം വിധിന്യായമല്ലെന്ന വാദമാണ് തോമസ് ചാണ്ടി ഉന്നയിക്കുന്നത്. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാല്‍ ഇക്കാര്യത്തില്‍ വ്യക്തതവരുമെന്നും അപ്പോള്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കുന്നു. വിധിപ്പകര്‍പ്പ് ലഭിച്ചതിന് ശേഷം രാജി അടക്കമുള്ള കാര്യങ്ങളില്‍ തുടര്‍ തീരുമാനം പ്രഖ്യാപിക്കാനാണ് തോമസ് ചാണ്ടിയുടെ നീക്കം. വിധിപ്പകര്‍പ്പില്‍ എതിര്‍ പരാമര്‍ശങ്ങളുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കും. രാജി നീട്ടിക്കൊണ്ട് പോകാനാവില്ലെങ്കിലും കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ നിയമപോരാട്ടം തുടരാനാണ് തോമസ് ചാണ്ടിയുടെ തീരുമാനം. ഹരജിയുടെ ഉള്ളടക്കം പരിശോധിക്കാതെ തള്ളിയെ ഹൈക്കോടതി നടപടി ചോദ്യം ചെയ്താവും സുപ്രീം കോടതിയെ സമീപിക്കുക.