ചോദ്യപേപ്പര്‍ വിവാദം: അധ്യാപകനെ സസ്പെന്‍ഡ് ചെയ്യും
സ്വകാര്യസ്ഥാപനത്തിന്‍റെ ചോദ്യപേപ്പര്‍ മാതൃകയില്‍ എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകനെതിരെ നടപടിയുണ്ടാകും.
സ്വകാര്യസ്ഥാപനത്തിന്‍റെ ചോദ്യപേപ്പറിന്‍റെ മാതൃകയില്‍ എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകനെതിരെ നടപടിയുണ്ടാകും. അധ്യാപകനെ സസ്പെന്‍ഡ് ചെയ്യാനും വിശദ അന്വേഷണത്തിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കാനുമാണ് നിര്‍ദേശം. പുനഃപരീക്ഷ നടക്കുന്ന മുപ്പതാം തീയതിയിലെ വാഹന പണിമുടക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ശ്രമങ്ങള്‍ ആരംഭിച്ചിട്ടില്ല.
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകനാണ് കണക്ക് പരീക്ഷയുടെ ചോദ്യം തയ്യാറാക്കിയത്. അരീക്കോട്ടെ സ്വകാര്യസ്ഥാപനത്തിന് വേണ്ടി ഈ അധ്യാപകന്‍റെ സുഹൃത്ത് തയ്യാറാക്കിയ ചോദ്യങ്ങള്‍ പൊതുപരീക്ഷക്കുള്ള ചോദ്യപ്പേപ്പറില്‍ എടുത്തുചേര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായത്. ഒരു പത്രത്തിന്റെ പരീക്ഷാസഹായിയിലും സമാന ചോദ്യങ്ങള്‍ വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ലോബി ഇതിന് പിന്നില്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസിന്‍റെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ പൊലീസ് അന്വേഷണവും വേണ്ടിവരും. പരീക്ഷാ നടത്തിപ്പ് തന്നെ അഴിച്ചുപണിയുന്ന കാര്യവും ആലോചിക്കുന്നുണ്ട്. പുനഃപ്പരീക്ഷ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള 30ആം തീയതി മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ചത് വിദ്യാര്‍ഥികള്‍ക്ക് തലവേദനയാവും. ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയാണ് പണിമുടക്കെന്നതിനാല്‍ സംസ്ഥാന സര്‍ക്കാറിന് ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്. സമരമൊഴിവാക്കാന്‍ സംഘടനപ്രതിനിധികളെ ചര്‍ച്ചക്ക് വിളിക്കാനും ഗതാഗത വകുപ്പ് നടപടി തുടങ്ങിട്ടില്ല.