ബാങ്ക് ലോണ്‍ ലഭിക്കാന്‍ വൈകിയതാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധിയുണ്ടാകാന്‍ കാരണമെന്ന് ഗതാഗത മന്ത്രി
ജീവനക്കാരുടെ പണിമുടക്ക്: കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗികമായി മുടങ്ങി
ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സംസ്ഥാനത്ത് പലയിടത്തും പണിമുടക്കുന്നു. സിഐടിയുവും എഐടിയുസിയും അടക്കമുള്ള ഭരണാനുകൂല സംഘടനകളും സമരരംഗത്താണ്. എറണാകുളം ആലുവ ഡിപ്പോയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചു.
ബാങ്ക് ലോണ്‍ ലഭിക്കാന്‍ വൈകിയതാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധിയുണ്ടാകാന്‍ കാരണമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ബാങ്കുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. ബാങ്കിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ലോണ്‍ ലഭിച്ചാല്‍ ഇന്ന് തന്നെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ വിവിധ ഡിപ്പോകളില്‍ സിഐടിയു അടക്കമുള്ള സംഘടനകള്‍ പണിമുടക്കിലാണ്. പത്തനംതിട്ട ഡിപ്പോയില്‍ നിന്നുള്ള ബസ് സര്‍വീസ് പൂര്‍ണമായും നിലച്ചു. ആലപ്പുഴയിലെ കായംകുളം ഡിപ്പോയിലും സര്‍വീസ് നടന്നില്ല. കോട്ടയത്ത് 116ല്‍ 4 സര്‍വീസ് മാത്രമാണ് ഇന്ന് നടത്തിയത്. സംയുക്ത സമര സമിതിയുടെ പണിമുടക്കും തുടരുന്നു. ആലുവ ഡിപ്പോയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധി അവധി എടുത്തു. ഇതേതുടര്‍ന്ന് സര്‍വീസുകള്‍ താറുമാറായി. തൃശൂരില്‍ 50 സര്‍വീസുകള്‍ മുടങ്ങി.
മലബാര്‍ മേഖലയില്‍ മലപ്പുറം, കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് പതിവുപോലെ നടക്കുന്നുണ്ട്.