വനംവകുപ്പിനെതിരെ പ്രതിഷേധവുമായി വടക്കനാട് പ്രദേശവാസികള്‍
ബത്തേരി പുല്‍പള്ളി റോഡില്‍ കാട്ടാനയെ വെടിയേറ്റു ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയതിനു ശേഷമാണ് വടക്കനാട് മേഖലയില്‍ വനംവകുപ്പുകാര്‍ സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കാന്‍ തുടങ്ങിയത്
വയനാട് വന്യജീവി സങ്കേതത്തോടു ചേര്‍ന്ന വടക്കനാട് പ്രദേശത്തെ ജനങ്ങള്‍ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്ത്. നിരന്തരമായി ഉണ്ടാകുന്ന റെയ്ഡുകളും അറസ്റ്റുമെല്ലാം വനംവകുപ്പിന്റെ പ്രതികാര നടപടിയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. പ്രദേശത്തുകാരെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റുചെയ്ത് പീഡിപ്പിയ്ക്കുകയാണെന്നും ആരോപണമുണ്ട്.
ബത്തേരി പുല്‍പള്ളി റോഡില്‍ കാട്ടാനയെ വെടിയേറ്റു ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയതിനു ശേഷമാണ് വടക്കനാട് മേഖലയില്‍ വനംവകുപ്പുകാര്‍ സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കാന്‍ തുടങ്ങിയത്. വിവിധ കേസുകളിലായി നാലുപേരെ വനംവകുപ്പ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവരെ ശാരീരികമായി വലിയ രീതിയില്‍ ഉപദ്രവിച്ചുവെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നു തോക്കുമായി പിടികൂടിയ ആളെ നാട്ടുകാരും സിപിഎം പ്രാദേശിക നേതാവും ചേര്‍ന്ന് മോചിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്ത് കുരങ്ങിനെ പിടിയ്ക്കാന്‍ കൂട് സ്ഥാപിയ്ക്കാനെത്തിയ രണ്ടു വനപാലകരെ നാട്ടുകാര്‍ മര്‍ദിച്ചു. ഇവര്‍ ഇപ്പോഴും ചികിത്സയിലാണ്.
ആന വെടിയേറ്റു ചരിഞ്ഞ സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ സാധിയ്ക്കാത്തതിനാല്‍, കേസ് ആരുടെയെങ്കിലും തലയില്‍ കെട്ടിവെയ്ക്കാനാണ് വനംവകുപ്പ് ശ്രമിയ്ക്കുന്നത്. ഇതിനായാണ് മൂന്നു ഭാഗവും വനത്താല്‍ ചുറ്റപ്പെട്ട വടക്കനാട് പ്രദേശത്തു നിന്നും ആളുകളെ പിടിച്ചുകൊണ്ടു പോകുന്നതും. സംഘര്‍ഷമുണ്ടാകുമ്പോള്‍ ആദിവാസി വിഭാഗത്തിലെ വാച്ചര്‍മാരെ മുന്നില്‍ നിര്‍ത്തി നാട്ടുകാര്‍ക്കെതിരെ എസ്എംഎസ് കേസുകള്‍ എടുക്കുന്നതും പതിവാണ്.
വനംവകുപ്പും നാട്ടുകാരും തമ്മിലുള്ള പതിവായുണ്ടാകുന്ന സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വനംവകുപ്പിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിയ്ക്കാന്‍ നാട്ടുകാര്‍ ചേര്‍ന്ന് ജനകീയ സമര സമിതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്.