വന്യമൃഗശല്യത്തിനെതിരെ വയനാട്ടിലെ കര്‍ഷകര്‍ നിയമനടപടിക്ക്
കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി.
വയനാട്ടില്‍ വര്‍ധിച്ചു വരുന്ന വന്യമൃഗശല്യത്തിനെതിരെ കര്‍ഷകര്‍ നിയമ നടപടിയ്‌ക്കൊരുങ്ങുന്നു. പുല്‍പള്ളി കേന്ദ്രീകരിച്ചു രൂപവല്‍കരിച്ച കര്‍ഷക സംരക്ഷണ സമിതിയാണ് ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കുക. കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി.
ഓരോ ഘട്ടങ്ങളിലും വന്യമൃഗ ശല്യം രൂക്ഷമാവുമ്പോള്‍ കര്‍ഷകര്‍ പ്രതിഷേധവുമായി എത്തും. കൃഷിയിടത്തിലെ നഷ്ടങ്ങള്‍ക്ക് ചെറിയ പരിഹാരം നല്‍കുമ്പോള്‍ പ്രതിഷേധം അവസാനിയ്ക്കും. വന്യമൃഗങ്ങള്‍ മനുഷ്യരെ കൊല്ലുമ്പോഴും അവസ്ഥ ഇതു തന്നെ. കാലങ്ങളായി ഇതു തുടരുന്നു. എന്നാല്‍, ശാശ്വത പരിഹാരം എവിടെയും ഉണ്ടാകുന്നില്ല.
പുല്‍പള്ളി മേഖലയില്‍ മാത്രം വന്യമൃഗ ശല്യം കാരണം കൃഷിയിറക്കാത്ത ഹെക്ടര്‍ കണക്കിന് പ്രദേശങ്ങളുണ്ട്. നെല്ലും വാഴയും തെങ്ങും പച്ചക്കറികളും ഒന്നും കൃഷി ചെയ്യാന്‍ സാധിയ്ക്കാത്ത അവസ്ഥ. വന്യമൃഗങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണത്തിന്റെ കുറച്ചെങ്കിലും കര്‍ഷകരുടെ ജീവനും സ്വത്തിനും നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇതിനായാണ് പ്രതിഷേധങ്ങള്‍ നിര്‍ത്തിവച്ച് കോടതിയിലേയ്ക്ക് കര്‍ഷകര്‍ എത്തുന്നത്.