പള്‍സര്‍ സുനി പൊലീസ് പിടിയില്‍, കസ്റ്റഡിയിലെടുത്തത് കോടതിയില്‍ നിന്ന്
എറണാകുളം എസിജെഎം കോടതിയില്‍ ഹാജരായ സുനിയെ കോടതിയുടെ അകത്ത് കയറിയാണ് ബലം പ്രയോഗിച്ച് പിടികൂടിയത്. സുനിയെ പ്രതിക്കൂട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയതെന്ന് അഭിഭാഷകര്‍
നടിയെ തട്ടിക്കൊണ്ട്‌പോയി അക്രമിച്ച കേസിലെ പ്രധാന പ്രതികളെ പൊലീസ് പിടികൂടി. കീഴടങ്ങാന്‍ എത്തിയ പ്രതികളെ കോടതി മുറിക്കുള്ളില്‍ നിന്നും നാടകീയമായി പിടികൂടുകയായിരുന്നു. പ്രതികളെ ആലുവ പോലീസ് ക്ലബില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ് ഇപ്പോള്‍
സിനിമ ക്ലൈമാക്‌സുകളെ വെല്ലുന്ന രീതിയിലാണ് നടിയെ അക്രമിച്ച കേസിലെ പ്രധാന പ്രതികളായ പള്‍സര്‍ സുനിയെയും വിജേഷിനേയും പൊലീസ് പിടികൂടിയത്. രാവിലെ തന്നെ കൊച്ചിയില്‍ എത്തി അഭിഭാഷകനെ കണ്ട് കീഴടങ്ങുന്നതിനുള്ള അപേക്ഷ ഇവര്‍ ഒപ്പിട്ട് നല്കി. ഇതറിഞ്ഞ പൊലീസ് പ്രതികളെ കുടുക്കാന്‍ കോടതി വളപ്പിലും കൊച്ചി നഗരത്തിലും നിലയുറപ്പിച്ചു. 12 മണിയോടെ കൊച്ചി നഗരത്തില്‍ എത്തിയ സംഘം അഭിഭാഷകന്റെ അറിയിപ്പിനായി കാത്തിരുന്നു. തുടര്‍ന്ന 1.20 ഓടെ ഏറണാകുളം എസിജെഎം കോടതിയുടെ പിന്നിലെ മതില്‍ ചാണ്ടി കടന്ന് കോടതി മുറിയിലേക്ക്. എന്നാല്‍ ജഡ്ജി ചേമ്പറില്‍ ഇല്ലെന്ന് കണ്ടതോടെ കാത്തിരുന്ന പോലീസ് കോടതി മുറിക്കുള്ളില്‍ കയറി പള്‍സര്‍ സുനിയെയും വിജേഷിനെയും പിടികൂടുകയായിരുന്നു.
കോടതിയിലെ നാടകീയ രംഗങ്ങള്‍ക്ക് ശേഷം അന്വേഷണസംഘത്തിന്റെ ക്യാമ്പ് ഓഫീസായ ആലുവ ക്ലബിലേക്കാണ് പോലീസ് ഇവരുവരേയും കൊണ്ട് എത്തിയത്. തുടര്‍ന്ന് ഇരുവരുയേയും അറസ്റ്റ് രേഖപ്പെടുത്തി. എഡിജിപി ബി സന്ധ്യ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇവരെ ചോദ്യം ചെയ്യുകയാണ്. ഗൂഡാലോചന ക്വട്ടേഷന്‍ എന്നീവയെ കുറിച്ചാണ് പ്രധാനമായും അന്വേഷണ സംഘം ചോദിക്കുന്നത്.