ലീഗ് ഇനി ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണം നല്കി
ലീഗ് ഇനി ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
ഇന്നലെ ചെന്നൈയില്‍ നടന്ന ലീഗ് ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് കുഞ്ഞാലിക്കുട്ടിയെ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ചെന്നൈയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കുഞ്ഞാലിക്കുട്ടിക്ക് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സ്വീകരണം നല്കി. നൂറു കണക്കിന് മുസ് ലിം ലീഗ് പ്രവർത്തകരാണ് കുഞ്ഞാലിക്കുട്ടിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത് .
ദളിതരെയും ന്യൂനപക്ഷങ്ങളെയും ഒരുമിപ്പിച്ച് മുസ്ലിം ലീഗിന് സാധ്യതയുള്ള എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം ശക്തമാക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളരാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും ഒരുമിച്ചു കൊണ്ടുപോകാന്‍ തനിക്കു കഴിയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുൻകാല നേതാക്കൾ കാണിച്ച വഴിയിലൂടെ മുസ്ലിം ലീഗിനെ നയിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു .