ബാര്‍കോഴക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശിപാര്‍ശ
വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്റെ ശിപാര്‍ശ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി
മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കാന്‍ വിജിലന്‍സിന്റെ തീരുമാനം.ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട് നടന്നെന്ന പരാതിയിലെ ത്വരിതപരിശോധനക്ക് ശേഷമാണ് നടപടി.കഴിഞ്ഞ അഞ്ച് വര്‍ഷം എക്സൈസ് വകുപ്പില്‍ നടന്ന അപാകതകളും,ബാബുവിന്‍റെ സ്വത്ത് വിവരങ്ങളും അന്വേഷണ പരിധിയില്‍ വരും.വിശദമായ വിവരങ്ങള്‍ ലഭിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് കെ ബാബു അറിയിച്ചു.
കെ.ബാബു എക്സൈസ് മന്ത്രിയായിരുന്ന സമയത്ത് വകുപ്പില്‍ നിരവധി ക്രമക്കേട് നടന്നുവെന്ന പരാതി കേരളാ ഹോട്ടല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് വി.എം രാധാക്യഷ്ണനാണ് വിജിലന്‍സിന് നല്‍കിയത്.ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട് നടന്നുവെന്നാണ് പ്രധാന ആരോപണം.അബ്കാരി നിയമത്തില്‍ മാറ്റം വരുത്തിയത് അഴിമതി നടത്താന്‍ വേണ്ടിയാണന്നും പരാതിയില്‍ പറഞ്ഞിരുന്നു.ബിവറേജസ് ഔട്ട്ലെറ്റുകള്‍ പൂട്ടിയതിലും,ബാറുകളുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറച്ചതിലും കെ ബാബുവിന് പ്രത്യേക അജണ്ടയുണ്ടായിരുന്നുവെന്നും പരാതിക്കാര്‍ ആക്ഷേപം ഉയര്‍ത്തി.പ്രാഥമിക പരിശോധനയില്‍ ലഭിച്ച മൊഴികളുടെയും,തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ തീരുമാനിച്ചത്.
ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ബാബു അഴിമതി നടത്തിയെന്ന ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന്‍റെ പരാതിയില്‍ നേരത്തെ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു.അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ആര്‍ നിശാന്തിനി ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ അന്വേഷണം.അന്വേഷണ ഉദ്യോഗസ്ഥനായ സെന്‍ട്രല്‍ റേഞ്ച് എസ്പി നാരായണ്‍ ഉടന്‍ കേസ് രജിസ്ട്രര്‍ ചെയ്ത് എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിക്കും.