അനസ് എടത്തൊടികയുടെയും റിനോ ആന്റോയുടെയും നിയമന അപേക്ഷ തള്ളിയത് കായികനേട്ടങ്ങളില്ലെന്ന പേരിൽ; മന്ത്രിയുടെ വാദം കള്ളമെന്ന് രേഖകൾ
നിയമന അപേക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് താരങ്ങൾ മുഖ്യമന്ത്രിയെ സമീപിച്ചു


തിരുവനന്തപുരം: മുൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടികക്കും റിനോ ആന്റോയ്ക്കും നിയമനം നൽകാത്തത് കായികനേട്ടങ്ങളില്ലെന്ന പേരിൽ. നിയമനം നൽകാത്തത് നിശ്ചിത കാലയളവിൽ അപേക്ഷ സമർപ്പിക്കാത്തതിനാലാണെന്ന കായിക മന്ത്രി വി. അബ്ദുറഹ്മാന്‍റെ വാദം കള്ളമെന്ന് രേഖകൾ. അപേക്ഷകൾ പരിശോധിച്ച് പ്രാഥമികമായി തന്നെ തള്ളിയെന്നാണ് സംസ്ഥാന യുവജന കമ്മീഷന് പൊതുഭരണ വകുപ്പ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. നിയമന അപേക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് താരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചു.
നിയമസഭയിൽ ടി.വി ഇബ്രാഹിം എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറഞ്ഞപ്പോഴായിരുന്നു നിശ്ചിത കാലയളവിൽ അപേക്ഷ സമർപ്പിക്കാത്തതിനാലാണ് നിയമനം നൽകാത്തതെന്ന വാദം കായിക മന്ത്രി ഉയർത്തിയത്. എന്നാൽ മന്ത്രിയുടെ വാദം തെറ്റാണെന്നാണ് സർക്കാർ ഉത്തരവിന്‍റെയും അനസിന്‍റെ അപേക്ഷയുടെയും രേഖകൾ പറയുന്നത്. 2021 മേയ് 25ലെ പിഎസ്‌സി ഉത്തരവിൽ പ്രഗത്ഭ കായിക താരങ്ങൾക്ക് നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015-19ലെ ഒഴിവുകളിൽ നിയമനത്തിനായി അപേക്ഷ നൽകേണ്ട തീയതി ജൂൺ 15 വരെയായിരുന്നു. ജൂൺ 14നാണ് അനസ് സ്പോർട്സ് കൗൺസിലിലേക്ക് അപേക്ഷ നൽകിയത്.
അനസ് നിശ്ചിത കാലയളവിൽ അപേക്ഷ സമർപ്പിച്ചിരുന്നില്ലെന്നും അതിനാലാണ് നിയമനം കിട്ടാതിരുന്നതെന്നുമാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. ജോലിക്കായി സർക്കാർ സമയപരിധി നിശ്ചയിച്ച സമയത്ത് അനസിന്‍റെ അപേക്ഷ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം മറ്റൊരു ജോലിയിൽ പ്രവേശിച്ചെന്നും മന്ത്രി പറഞ്ഞിരുന്നു.
ബോഡി ബിൽഡിങ് മത്സരത്തിൽ പങ്കെടുത്തവർക്കുവരെ ജോലി കൊടുത്തിട്ടും ഇന്ത്യൻ ഫുട്ബാൾ ടീമിനായി അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്ത അനസ് എടത്തൊടികയെ പോലെയുള്ള താരങ്ങൾക്ക് നിയമനം നൽകാത്തത് എന്താണെന്നായിരുന്നു എംഎൽഎയുടെ ചോദ്യം. ഫുട്ബാളിലെ രാജ്യാന്തര പ്രതിഭയായിട്ടും ലോകകപ്പ്, ഒളിംപിക്സ്, ഏഷ്യൻ ഗെയിംസ്, സാഫ് ഗെയിംസ് തുടങ്ങിയവയിൽ മത്സരിച്ചവർക്ക് മാത്രമേ ജോലിക്ക് അർഹതയുള്ളൂവെന്ന മാനദണ്ഡം പറഞ്ഞാണ് അനസിന് ഇതുവരെ നിയമനം നൽകാതിരുന്നത്. അതിനിടെ സ്പോർട്ട്സ് ക്വാട്ട നിയമനത്തിനുള്ള ഇനമായി അംഗീകരിക്കാത്ത ബോഡി ബിൽഡിങ് താരങ്ങൾക്ക് ചട്ടം മറികടന്ന് പൊലീസിൽ നേരിട്ട് നിയമനം നൽകാനുള്ള തീരുമാനം വന്നതോടെ അനസിന്‍റെ നിയമനം വീണ്ടും ചർച്ചയായിരിക്കുകയാണ്.