വിശ്രമമില്ലാത്ത ജോലിയുമായി പതിനെട്ടാം പടിയിലെ പൊലീസ് അയ്യപ്പന്‍മാര്‍
മിനുട്ടില്‍ 60 മുതല്‍ 90 പേരെ വരെ പടികയറ്റിവിടുന്നതിന് പിന്നില്‍ ഇവരുടെ ശാരീരിക അധ്വാനമാണ്
മകരവിളക്കിനോടനുബന്ധിച്ചുള്ള തിരക്ക് ക്രമാതീതമായതോടെ വിശ്രമില്ലാത്ത ചുമതലയാണ് പതിനെട്ടാം പടിയില്‍ സേവനമനുഷ്ടിക്കുന്ന പൊലീസ് അയ്യപ്പന്‍മാര്‍ക്ക്. മിനുട്ടില്‍ 60 മുതല്‍ 90 പേരെ വരെ പടികയറ്റിവിടുന്നതിന് പിന്നില്‍ ഇവരുടെ ശാരീരിക അധ്വാനമാണ്.
വിവിധ പൊലീസ് ക്യാമ്പുകളില്‍ നിന്നുള്ള ഉയര്‍ന്ന കായിക ക്ഷമതയുള്ളവരെയാണ് പതിനെട്ടാം പടിയില്‍ ഡ്യൂക്കിക്ക് നിയോഗിക്കുക. കാരണം ഈ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം. ശാരീരിക അവശതകള്‍ ഉള്ളവര്‍ വൃദ്ധര്‍, കുട്ടികള്‍ എന്നിവരെ താങ്ങിയെടുത്ത് വേണം പടികടത്തിവിടാന്‍. മകരവിളക്കിന്റെ തിരക്ക് ഏറിയതിനാല്‍ ഇവരുടെ ജോലിഭാരവും ഇരട്ടിച്ചിട്ടുണ്ട്. തിരക്ക് ലഘൂകരിക്കുന്നതിന് മിനിറ്റില്‍ 60 പേര്‍ എന്നത് പരമാവധി 100 വരെ എത്തിക്കാനാണ് നിര്‍ദ്ദേശം. ഇതിന്റെ സമ്മര്‍ദ്ദം പേറേണ്ടിവരുന്നതും പതിനെട്ടാം പടിയിലെ പൊലീസ് അയ്യപ്പന്‍മാര്‍ക്കാണ്.
30 പേരടങ്ങുന്ന സംഘമാണ് പല ഷിഫ്റ്റുകളിലാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. 10 പേര്‍ പടികളില്‍ നിലയുറപ്പിക്കുമ്പോള്‍ 10 പേര്‍ ഇവരുടെ സഹായികളാകും. 20 മിനിറ്റ് ഇടവേളയില്‍ ചുമതല വെച്ചുമാറുകയും ചെയ്യും. ഡി വൈ എസ് പി, സിഐ റാങ്കുകളിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘവും പതിനെട്ടാം പടിയുടെ ചുമതലയ്ക്ക് ഉണ്ടാകും.