സര്‍ക്കാരിനെ വെട്ടിലാക്കി കോടതിയുടെ വിമര്‍ശം
തോമസ് ചാണ്ടിയുടെ ഹർജി തളളിയതിനൊപ്പം രൂക്ഷ പരാമർശങ്ങളും ഹൈക്കോടി നടത്തിയതോടെ പ്രതിസന്ധി ചോദിച്ച് വാങ്ങിയ അവസ്ഥയിലായി മുഖ്യമന്ത്രിയും സിപിഎമ്മും
തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാരിനെ വെട്ടിലാക്കി. കോടതിയുടെ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും കടുത്ത പ്രതിരോധത്തിലാക്കി.
തോമസ് ചാണ്ടിക്കെതിരായി ഹൈക്കോടതിയുടെ പരാമർശം നേരത്തെ വന്നപ്പോൾ തന്നെ മുന്നണിക്കുളളിൽ സിപിഐ രാജി ആവശ്യം ഉന്നയിച്ചിരുന്നു. ചാണ്ടിക്കും എൻസിപിക്കും കൂടുതൽ സമയം നൽകാമെന്ന സമവായ സമീപനമാണ് അന്ന് മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ചത്. പിന്നാലെ എൽഡിഎഫ് യോഗത്തിൽ സിപിഐക്കൊപ്പം മറ്റു ഘടകകക്ഷികളും തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു. എന്നാൽ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ട് ഹൈക്കോടതി വിധിക്കും എൻസിപി യോഗത്തിനും വേണ്ടി കാത്തിരിക്കുക എന്ന തന്ത്രപരമായ നിലപാട് സിപിഎം ആവർത്തിച്ചു.
ഒടുവിൽ തോമസ് ചാണ്ടിയുടെ ഹർജി തളളിയതിനൊപ്പം രൂക്ഷ പരാമർശങ്ങളും ഹൈക്കോടി നടത്തിയതോടെ പ്രതിസന്ധി ചോദിച്ച് വാങ്ങിയ അവസ്ഥയിലായി മുഖ്യമന്ത്രിയും സിപിഎമ്മും. തങ്ങളുടെ നിലപാടാണ് ഹൈക്കോടതിയും പറഞ്ഞതെന്ന വാദവുമായി സിപിഐ രംഗത്ത് വന്നതും സിപിഎമ്മിന് തിരിച്ചടിയായി.
മന്ത്രിക്ക് മുഖ്യമന്ത്രിയെ വിശ്വാസമില്ലേയെന്ന കോടതിയുടെ പരാമര്‍ശം സര്‍ക്കാരിന്‍റെ കൂട്ട് ഉത്തരവാദിത്വം ചോദ്യം ചെയ്യുന്നതുമായി. കാര്യങ്ങൾ കൈവിട്ടുപോയ ഘട്ടത്തിലാണ് പ്രതികരണത്തിന് പോലും മുഖ്യമന്ത്രി തയ്യാറായത്. സിപിഎമ്മിൻറ ഈ നിലപാട് വരുംദിവസങ്ങളിൽ മുന്നണിക്കുളളിൽ വലിയ തർക്കത്തിന് വഴിവെക്കുമെന്നുറപ്പാണ്.