ശൈശവ വിവാഹ കേസുകളില്‍ പോക്സോ നിയമം ചുമത്തില്ലെന്ന് വയനാട് ജില്ലാകലക്ടര്‍
വയനാട്ടില്‍ മാത്രം ഇത്തരം കേസില്‍ ജയിലിലായത് 11 ആദിവാസി യുവാക്കളാണ്
ശൈശവ വിവാഹ കേസുകളില്‍ പോക്സോ നിയമം ചുമത്തില്ലെന്ന് വയനാട് ജില്ലാകലക്ടര്‍. പോക്സോ ചുമത്തപ്പെട്ടതിനാല്‍ വയനാട്ടില്‍ അറുപതോളം യുവാക്കള്‍ തടവുശിക്ഷയും നിയമനടപടികളും നേരിടുന്ന സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് തീരുമാനം.. നിയമം ആദിവാസികള്‍ക്കെതിരെ ദുരുപയോഗപ്പെടുത്തുന്നു എന്നാരോപിച്ച് കല്‍പറ്റ കോടതിയിലേക്ക് സാമൂഹ്യപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മാര്‍ച്ചും സംഘടിപ്പിച്ചു.
വയനാട്ടില്‍ മാത്രം ഇത്തരം കേസില്‍ ജയിലിലായത് 11 ആദിവാസി യുവാക്കളാണ്. ഗോത്രാചാരപ്രകാരം വിവാഹം ചെയ്യുന്നവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമുണ്ടാകാറുണ്ട്. ഇത്തരം സംഭവങ്ങളിൽ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാനുദ്ദേശിച്ച് പാസ്സാക്കിയ പോക്സോ നിയമം ചുമത്തിവന്നിരുന്നു. ഇതേതുടര്‍ന്നാണ് അറുപതോളം ആദിവാസി യുവാക്കള്‍ നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ബോധവത്കരണമാണ് ജയിലിലടക്കലല്ല മാര്‍ഗ്ഗമെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശപ്രവര്‍ത്തകരും രാഷ്ട്രീയ സംഘടനകളും രംഗത്തുവന്നിരുന്നു. പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് ജില്ലാകളക്ടറുടെ തീരുമാനം.
അതിനിടെ കേസുകളിലുള്‍പ്പെട്ടവരും പൊതുപ്രവര്‍ത്തകരും കല്‍പ്പറ്റ പോക്സോ കോടതിയിലേക്ക് മാര്‍ച്ചു സംഘടിപ്പിച്ചു.
സാമൂഹ്യപ്രവര്‍ത്തക ദയാഭായ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എം ഗീതാന്ദന്‍, സിപിഐഎം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, പി എ പൗരന്‍, ഡോ ആസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.