പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോയുടെ കയ്യില്‍ എത്തിയിരുന്നതായാണ് പോലീസ് വാദം.
ഒളിവില്‍ കഴിയുന്ന പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും പിടികൂടാനുള്ള ശ്രമം അന്വേഷണ സംഘം തുടരുകയാണ്. ഇരുവരുടെയും അറസ്റ്റ് നടിയെ അക്രമിച്ച കേസിലെ ഗൂഡാലോചന തെളിയിക്കുന്നതില്‍ നിര്‍ണായകമാവുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതേസമയം പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.
അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്ന പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനാണ് സാധ്യത. നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോയുടെ കയ്യില്‍ എത്തിയിരുന്നതായാണ് പോലീസ് വാദം. കൊച്ചി ഏലൂര്‍ സ്വദേശിയായ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെന്ന സുനില്‍രാജിനെ കണ്ടെത്താന്‍ ഇതുവരെയായും പൊലീസിന് കഴിഞ്ഞിട്ടില്ല. അപ്പുണ്ണിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ഗൂഡാലോചനക്കേസില്‍ നിര്‍ണയാക തെളിവാണ്. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവുമായി അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയത് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.
ഇയാള്‍ കേരളം വിട്ടതായാണ് പൊലീസിന്റെ നിഗമനം. മുന്‍കൂര്‍ ജാമ്യത്തിനായി അപ്പുണ്ണി കോടതിയെ സമീപിക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. ദിലീപിന്റെ ജാമ്യാപേക്ഷയിന്മേല്‍ ഹൈക്കോടതി വിധി വന്നതിന് ശേഷം കീഴടങ്ങാനുള്ള നീക്കമാണ് പ്രതീഷ് ചാക്കോയും അപ്പുണ്ണിയും നടത്തുന്നതെന്ന വിലയിരുത്തലും അന്വേഷണ സംഘത്തിനുണ്ട്. അതേസമയം റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. കേസില്‍ മഞ്ജുവാര്യരെ സാക്ഷിയാക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം ഗൂഡാലോചനക്കേസിന് കൂടുതല്‍ ബലം നല്‍കുമെന്നാണ് പ്രോസിക്യൂഷന്‍ വിലയിരുത്തല്‍.