ലക്ഷങ്ങള്‍ നഷ്ടമായിട്ടും കേസെടുത്തില്ല; ആലഞ്ചേരിക്കെതിരെ വെള്ളാപ്പള്ളി
സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ നികുതിവെട്ടിപ്പിന് കേസേടുക്കാത്തത് എന്തുകൊണ്ടാണെന്ന് എസ്എന്‍ഡിപി..
സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ നികുതിവെട്ടിപ്പിന് കേസേടുക്കാത്തത് എന്തുകൊണ്ടാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നാക്ക വികസന കോര്‍പ്പറേഷന് പണവും പദവിയും വാരിക്കോരി കൊടുക്കുന്ന സര്‍ക്കാര്‍ പിന്നാക്ക വികസന കോര്‍പ്പറേഷന് ഒന്നും നല്‍കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.
സ്ഥലം വില കുറച്ചു കാണിച്ച് രജിസ്ട്രേഷന്‍ നടത്തി പൊതുഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയെന്ന് വ്യക്തമായിട്ടും മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാത്തതെന്താണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു. വന്‍ പ്രശ്നമുള്ളതു കൊണ്ടാണ് സഭയിലെ ആളുകള്‍ തന്നെ രംഗത്തിറങ്ങിയതെന്നും അല്ലെങ്കില്‍ സഭാംഗങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ടു വരില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുന്നാക്ക വികസന കോര്‍പ്പറേഷന്‍ അദ്ധ്യക്ഷന് മന്ത്രി പദവിയും ആവശ്യത്തിന് ആളും പണവും കൊടുത്ത സര്‍ക്കാര്‍ പിന്നാക്ക വികസന കോര്‍പ്പറേഷന്റെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ഓഖി ദുരന്തത്തെത്തുടര്‍ന്ന് ചരിത്രത്തിലുണ്ടായിട്ടില്ലാത്ത അത്രയും വലിയ ദുരിതാശ്വാസം പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ തടഞ്ഞ ലത്തീന്‍ സമുദായാംഗങ്ങളുടെ നടപടി ശരിയായില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചേര്‌ത്തലയില്‍ ചേര്‍ന്ന എസ് എന്‍ ഡി പിയുടെ വാര്‍ഷിക ബജറ്റ് അവതരണ യോഗത്തില്‍ ഈ വിഷയങ്ങളില്‍ പ്രമേയം പാസ്സാക്കി.