മോചിപ്പിക്കാന്‍ ഇടപെടണമെന്ന യാചനയുമായി ഫാദര്‍ ടോം ഉഴുന്നാല്‍; വീഡിയോ പുറത്ത്
യമനില്‍ ഹൂതികള്‍ തട്ടിക്കൊണ്ടു പോയ ഫാദര്‍ ടോം ഉഴുന്നാല്‍ മോചിപ്പിക്കാന്‍ യാചിക്കുന്ന വീഡിയോ പുറത്ത്.
യമനില്‍ ബന്ദിയാക്കപ്പെട്ട കോട്ടയം രാമപുരം സ്വദേശി ഫാദര്‍ ടോം ഉഴുന്നാലിന്‍റെ വീഡിയോ പുറത്ത്. താന്‍ ഏറെ അവശനായെന്നും വൈദ്യസഹായം വേണമെന്നും മോചനത്തിനുള്ള നടപടികള്‍ എത്രയുംവേഗം സാധ്യമാക്കണമെന്നും ഫാദര്‍ ടോം ഉഴുന്നാലില്‍ വീഡിയോയില്‍ പറയുന്നു.
സലേഹ് സലേം എന്ന പേരിലുള്ള യുട്യൂബ് ചാനലില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. തന്‍റെ ജീവന്‍ രക്ഷിക്കാനുള്ള നടപടികള്‍ ഉടന്‍ നടത്തണമെന്ന് വീഡിയോയില്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ ആവശ്യപ്പെടുന്നു.
തന്‍റെ മോചനത്തിന് ഗൌരവമേറിയ ഇടപെടലുകള്‍ ഒരു ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും വീഡിയോയില്‍ ഫാദര്‍ പറയുന്നു. ഇന്ത്യന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉടന്‍ മോചനത്തിനായി ഇടപെടണമെന്നും ഫാദര്‍ ടോം ഉഴുന്നാലില്‍ യാചിക്കുന്നുണ്ട്.
മാര്‍പ്പാപ്പയും ക്രൈസ്തവ സഭകളും തന്‍റെ മോചനത്തിന് നടപടികള്‍ സ്വീകരിക്കണമെന്നും ഫാദര്‍ ടോം ആവശ്യപ്പെടുന്നു. താന്‍ ഒരു യൂറോപ്യന്‍ വൈദികനായിരുന്നു എങ്കില്‍ ഇത്തരമൊരു ഗതി ഉണ്ടാകില്ലായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വൈദികന്‍ ആയതിനാലാണ് ഇത്തരം അവസ്ഥയെന്നും വീഡിയോയില്‍ പറയുന്നു.
കഴിഞ്ഞ മാര്‍ച്ച് മാസം ബന്ദിയാക്കപ്പെട്ട താന്‍ ഇന്ന് ഏറെ അവശനാണെന്നും അടിയന്തര വൈദ്യസഹായം നല്‍കണമെന്നും ഫാദര്‍ ഉഴുന്നാല്‍ ആവശ്യപ്പെടുന്നുണ്ട്.