പാണക്കാട് തങ്ങൻമാർക്ക് മുഖ്യമന്ത്രിയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല: പി.കെ കുഞ്ഞാലിക്കുട്ടി

'സന്ദീപ് വാര്യർ പാണക്കാട് വന്നതിൽ ഇത്ര വലിയ കൂട്ടക്കരച്ചിലിന്റെ ആവശ്യമില്ല'

Update: 2024-11-17 09:13 GMT
Editor : ശരത് പി | By : Web Desk
Advertising

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ദൗർഭാഗ്യകരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. പാണക്കാട് തങ്ങന്മാർക്ക് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങൾ ഉൾക്കൊള്ളില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സിപിഎം തറപറ്റാൻ പോകുന്നത് കൊണ്ടാണ് പാണക്കാട് തങ്ങൾക്കെതിരെ പോലും വിമർശനം ഉന്നയിക്കുന്നത്. ഗതികേടിന്റെ അറ്റമാണിത്.

മുനമ്പം വിഷയത്തിലടക്കം അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിക്കും സിപിഎമ്മിനും ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് സാദിഖലി തങ്ങൾ ചെയ്യുന്നത്. കേരളം മണിപ്പൂരാകാൻ അനുവദിക്കാത്തത് തങ്ങളാണ്. ഇത് മുഖ്യമന്ത്രിയിൽ അങ്കലാപ്പുണ്ടാക്കുന്നു.

സന്ദീപ് വാര്യർ പാണക്കാട് വന്നതിൽ ഇത്ര വലിയ കൂട്ടക്കരച്ചിലിന്റെ ആവശ്യമില്ല. സന്ദീപ് വാര്യർ പാണക്കാട് വന്നുപോയാൽ അത് വലിയ സംഭവം തന്നെയാണ്. വളരെ നല്ല സന്ദേശമാണ് നൽകുന്നത്. അതിന് സൗഹൃദത്തിൻ്റെ ഇംപാക്ട് ഉണ്ടാക്കാൻ കഴിയുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഭൂരിപക്ഷ വോട്ട് ലഭിക്കുന്നതിന് ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയെയാണ് ഉപയോഗിക്കുന്നത്. സിപിഎമ്മുമായി സഹകരിക്കുമ്പോൾ അവർ ക്രിസ്റ്റൽ ക്ലിയറായിരുന്നു. ഇപ്പോൾ മാറ്റിപ്പറയുകയാണ്. ഓരോ തെരഞ്ഞെടുപ്പിലും വോട്ട് ലഭിക്കാൻ ഓരോന്നു പറയുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിയെപ്പോലെ പ്രവർത്തിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. നേരത്തേയുള്ള തങ്ങൾ എല്ലാവരാലും ആദരിക്കപ്പെട്ടയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News