ബെന്നി മൂഞ്ഞേലി അങ്കമാലിയില്‍ പ്രചാരണം ആരംഭിച്ചു
സീറ്റ് നിഷേധിക്കപ്പെട്ട ജോസ് തെറ്റയില്‍ പ്രതിഷേധമുയര്‍ത്തില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തെറ്റയിലിനെ കാണാന്‍ സ്ഥാനാര്‍ത്ഥി വീട്ടില്‍ചെന്നെങ്കിലും കാണാനായില്ല...
അങ്കമാലിയിലെ ഇടത് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട ബെന്നി മൂഞ്ഞേലി പ്രചാരണത്തിന് തുടക്കം കുറിച്ചു. തികഞ്ഞ വിജയപ്രതീക്ഷയാണ് മണ്ഡലത്തിലുള്ളതെന്ന് ബെന്നി മൂഞ്ഞേലി മീഡിയ വണ്ണിനോട് പറഞ്ഞു. സീറ്റ് നിഷേധിക്കപ്പെട്ട ജോസ് തെറ്റയില്‍ പ്രതിഷേധമുയര്‍ത്തില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തെറ്റയിലിനെ കാണാന്‍ സ്ഥാനാര്‍ത്ഥി വീട്ടില്‍ചെന്നെങ്കിലും കാണാനായില്ല.
ലൈംഗികാരോപണ കേസില്‍ പെട്ടതോടെയാണ് ഇത്തവണ ജോസ് തെറ്റയിലിനെ മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ ജനതാദള്‍ സെക്യുലര്‍ തീരുമാനിച്ചത്. പകരം സ്ഥാനാര്‍ത്ഥിയായി നഗരസഭ മുന്‍ ചെയര്‍മാനായ ബെന്നി മൂഞ്ഞേലിയെയാണ് പാര്‍ട്ടി നിശ്ചയിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ മണ്ഡലം കമ്മിറ്റിചേര്‍ന്ന് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.
എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതില്‍ ജോസ് തെറ്റയിലിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുകൂടിയായ ജോസ് തെറ്റയിലിന് പ്രതിഷേധമുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്ന് ബെന്നി പറഞ്ഞു. തെറ്റയിലിനെ കണ്ട് അനുഗ്രഹം വാങ്ങാനായി അദ്ദേഹത്തിന്റെ വീട്ടിലെത്തി മണിക്കൂറോളം കാത്തുനിന്നെങ്കിലും സ്ഥാനാര്‍ത്ഥിക്ക് തെറ്റയിലിനെ കാണാന്‍പോലും സാധിച്ചില്ല.