അധിക ചുമതല ഒഴിവാക്കണമെന്ന് ബെഹ്റ: പുതിയ വിജിലന്‍സ് ഡയറക്ടര്‍ ഉടന്‍

Update: 2018-05-19 23:49 GMT
അധിക ചുമതല ഒഴിവാക്കണമെന്ന് ബെഹ്റ: പുതിയ വിജിലന്‍സ് ഡയറക്ടര്‍ ഉടന്‍
Advertising

ജയില്‍ വകുപ്പ് മേധാവി ആര്‍ ശ്രീലേഖക്ക് സാധ്യത

വിജിലന്‍സുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറെ സര്‍ക്കാര്‍ ഉടന്‍ നിയമിക്കും. ജയില്‍ വകുപ്പ് മേധാവി ആര്‍ ശ്രീലേഖക്കാണ് സാധ്യത. മറ്റ് പേരുകളും ഉയരുന്നുണ്ട്. വ്യാഴാഴ്ചക്കകം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.


സ്വതന്ത്ര ചുമതലയുള്ള ഡയറക്ടര്‍ ഇല്ലാത്തതിനാല്‍ വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഉടന്‍ ഡയറക്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം സര്‍ക്കാരിന് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് വേഗത്തിലുള്ള നീക്കങ്ങള്‍.

വിജിലന്‍സ് ഡയറക്ടര്‍ തസ്തിക കേഡര്‍ പോസ്റ്റില്‍ നിന്ന് എഡിജിപി റാങ്കിലേക്ക് തരംതാഴ്ത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് സംസ്ഥാനം കത്തയച്ചിട്ടുണ്ട്. ഇത് കേന്ദ്രം അംഗീകരിച്ചില്ലെങ്കില്‍ കേഡര്‍ പോസ്റ്റിലുള്ള ഡിജിപിമാരായ എ ഹേമചന്ദ്രനോ, ഋഷിരാജ് സിംഗിനേയോ വിജിലന്‍സ് ഡയറക്ടറാക്കേണ്ടി വരും. വിജിലന്‍സ് ഡയറക്ടറുടെ പദവി കേഡര്‍ തസ്തികയില്‍ നിന്ന് മാറ്റിയാല്‍ പ്രഥമ പരിഗണന നല്‍കുക എക്സ് കേഡര്‍ തസ്തികയില്‍ ഡിജിപിയായുള്ള ജയില്‍ വകുപ്പ് മേധാവി ആര്‍ ശ്രീലേഖക്കാണ്. ക്രൈംബ്രാഞ്ച് തലവന്‍ മുഹമ്മദ് യാസീനേയും പരിഗണിക്കുന്നുണ്ട്. വിജിലന്‍സ് എഡിജിപി ഷൈഖ് ദര്‍വേശ് സാഹിബ്, ദക്ഷിണ മേഖല എഡിജിപി അനില്‍കാന്ത് എന്നിവരുടേ പേരും ഉയരുന്നു.വൈകാതെ കേന്ദ്ര മാത്യകയില്‍ വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കാനുള്ള നീക്കങ്ങളും ഇതിനോടൊപ്പം നടക്കുന്നുണ്ട്. ചീഫ് സെക്രട്ടറി റാങ്കിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനോ,ഹൈക്കോടതി ജഡ്ജിയോയായിരിക്കും വിജിലന്‍സ് കമ്മീഷന്‍ വന്ന് കഴിഞ്ഞാല്‍ തലപ്പത്ത് എത്തുക.

Full View
Tags:    

Similar News