'കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ട'; സിപിഎം നേതൃത്വത്തെ വിമർശിച്ച് പി.കെ ശശിയുടെ പുതുവത്സരാശംസകൾ

സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ശശിയെ പാർട്ടി പദവികളിൽനിന്ന് നീക്കിയിരുന്നു.

Update: 2025-01-01 02:26 GMT
Advertising

പാലക്കാട്: സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് പി.കെ ശശിയുടെ പുതുവത്സരാശംസകൾ. സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ശശിയെ പാർട്ടി പദവികളിൽനിന്ന് നീക്കിയിരുന്നു. ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു. തനിക്കെതിരായ നടപടികൾക്ക് പിന്നിൽ പാർട്ടിയിലെ ചിലർ തന്നെയാണെന്ന് പരോക്ഷ വിമർശനമാണ് ശശി ഉയർത്തുന്നത്.

''2024 - പ്രതിസന്ധിയുടെ ഒരു കാലം. അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്ക് സുന്ദര കാലമായിരുന്നു. അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കും. മദ്യവും അതിനു മുകളിൽ കഞ്ചാവുമടിച്ചു ഘോരഘോരം മദ്യത്തിനും മയക്കുമരുന്നിനുമേതിരെ പ്രസംഗിക്കുന്നവരുടെ നല്ല കാലം കഴിയുന്നു. ആയിരങ്ങളുടെ വിയർപ്പുകൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച്, ആ പണം കൊണ്ട് ഉന്മാദിച്ചവർക്കും ആഹ്ലാദത്തിന് വക നൽകില്ല പുതുവർഷം. ശത്രുവിന്റെ ആയുധം വേണ്ട, അവരുടെ അലർച്ചക്കു മുമ്പിൽ പോലും ഓടിയോളിക്കുന്ന പരാക്രമകാരികളുടെ കാലം അവസാനിക്കും'' - ശശി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

2025.

എല്ലാവർക്കും സമാധാനത്തിന്റെ, ഐശ്വര്യത്തിന്റെ, പുത്തൻ അനുഭൂതികളുടെ വർഷമായിത്തീരട്ടെ പുതുവർഷം.

2024 - പ്രതിസന്ധിയുടെ ഒരു കാലം. അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്ക് സുന്ദര കാലമായിരുന്നു. അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കും. മദ്യവും അതിനു മുകളിൽ കഞ്ചാവുമടിച്ചു ഘോരഘോരം മദ്യത്തിനും മയക്കുമരുന്നിനുമേതിരെ പ്രസംഗിക്കുന്നവരുടെ നല്ല കാലം കഴിയുന്നു. ആയിരങ്ങളുടെ വിയർപ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച്, ആ പണം കൊണ്ട് ഉന്മാദിച്ചവർക്കും ആഹ്ലാദത്തിന് വക നൽകില്ല പുതുവർഷം.

ശത്രുവിന്റെ ആയുധം വേണ്ട, അവരുടെ അലർച്ചക്കു മുമ്പിൽ പോലും ഓടിയോളിക്കുന്ന പരാക്രമകാരികളുടെ കാലം അവസാനിക്കും.

സന്മനസ്സുള്ളവർക്ക് സമാധാനം കിട്ടുന്ന പുതിയ വർഷത്തെ ആവേശത്തോടെ നമുക്ക് വരവേൽക്കാം. കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും ഖിയാമം നാൾ വരെ സുഖിക്കാമെന്ന് കരുതുന്നവർക്ക് നഷ്ടത്തിന്റെയും മോഹഭംഗതിന്റെയും കാലമായിരിക്കും വരാനിരിക്കുന്നത്.

ഒന്നിന്റെ മുൻപിലും ആത്മാഭിമാനം പണയപ്പെടുത്താതിരിക്കുക. ആരുടെ മുന്നിലും ചെറുതാവാതിരിക്കുക. എവിടെയും സ്വന്തം അഭിപ്രായം പറയാൻ മടിക്കാതിരിക്കുക. ഉയിര് പോകും വരെ ഉശിരു കൈവിടാതിരിക്കുക. ഇവിടെ നാം വിപ്ലവകാരികളെ ഓർക്കുക. വിശ്വകവി ടാഗോറിന്റെ വരികൾ കടമെടുക്കട്ടെ. "എവിടെ നിർഭയമാകുന്നു മാനസം, അവിടെ നിൽക്കുന്നു ശീർഷം സമുന്നതം"

ലോകത്തിൽ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർക്ക് ശക്തി നൽകുന്നതാവട്ടെ പുതിയ വർഷം. ഒരു കയ്യിൽ സമാധാനത്തിന്റെ ഒലീവില കൊമ്പും മറുകയ്യിൽ പോരാട്ടത്തിന്റെ മിഷീൻ ഗണ്ണുമായി നിൽക്കുന്ന പലസ്തീൻ പോരാളികളാണ് നമുക്ക് ആവേശം നൽകേണ്ടത്. ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക. വരും കാലം നിങ്ങളുടേതല്ല.

ഏവർക്കും ഹൃദ്യമായ പുതുവത്സരാശംസകൾ!

Full View

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News