കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം; ഏപ്രില്‍ 2ന് പൊതുപണിമുടക്ക്
കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിക്കെതിരെ സംയുക്ത ട്രേഡ് യൂണിയനാണ് പൊതുപണിമുടക്ക് പ്രഖ്യാപിച്ചത്.
ഏപ്രില്‍ 2ന് സംസ്ഥാനത്ത് പൊതുപണിമുടക്ക്. കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിക്കെതിരെ സംയുക്ത ട്രേഡ് യൂണിയനാണ് പൊതുപണിമുടക്ക് പ്രഖ്യാപിച്ചത്. കേരളത്തിലെ മുഴുവന്‍ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കണമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. പണിമുടക്കില്‍ നിന്ന് ബിഎംഎസ് വിട്ടുനില്‍ക്കും.
രാജ്യത്ത് സ്ഥിരം ജോലി ഇല്ലാതാക്കാന്‍ വഴിവെക്കുന്ന വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയതിനെതിരെയാണ് പ്രതിഷേധം. കരാര്‍, സ്ഥിരം എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ തൊഴിലുടമകള്‍ക്ക് ചെറിയ കാലയളവിലേയ്ക്ക് മാത്രമായി തൊഴിലാളികളെ നിയമിക്കാം. മൂന്ന് മാസത്തില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിച്ചെങ്കില്‍ മാത്രം പിരിച്ച് വിടാന്‍ രണ്ടാഴ്ച മുന്‍പ് നോട്ടീസ് നല്‍കിയാല്‍ മതിയെന്നും കേന്ദ്ര വിജ്ഞാപനം പറയുന്നു.
ഈ മാസം 16നാണ് അസാധാരണ സ്വഭാവത്തോടെയുള്ള അന്തിമ ഗസറ്റ് വിജ്ഞാപനം തൊഴില്‍ മന്ത്രാലയം ഇറക്കിയത്. ജനുവരി ആദ്യ വാരം കരട് വിജ്ഞാപനം ഇറക്കിയപ്പോള്‍ തന്നെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷത്തെ എല്ലാ തൊഴിലാളി സംഘടനകളും ഒപ്പം ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ്സും രംഗത്തെത്തിയിരുന്നു. എതിര്‍പ്പ് മറിടന്നാണ് തീരുമാനവുമായി കേന്ദ്രം മുന്നോട്ട് പോകുന്നത്.