യുഡിഎഫ് വിട്ട വിവരം ജെഡിയു ഔദ്യോഗികമായി പ്രഖ്യാപിച്ചു
എട്ട് വര്‍ഷത്തിന് ശേഷമാണ് യുഡിഎഫ് ബന്ധം ജെഡിയു ഉപേക്ഷിക്കുന്നത്. വര്‍ഗ്ഗീയത ചെറുക്കാന്‍ നല്ലത് ഇടതുപക്ഷമാണെന്ന് തിരിച്ചറിയുന്നു...
ജെഡിയു യുഡിഎഫ് വിട്ടു. സംസ്ഥാന കൗണ്‍സിലിന് ശേഷം സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാറാണ് മുന്നണി മാറ്റം പ്രഖ്യാപിച്ചത്. യുഡിഎഫില്‍ നിന്നത് പാര്‍ട്ടിക്ക് വലിയ രാഷ്ട്രീയ നഷ്ടമുണ്ടാക്കിയപ്പോള്‍ നേട്ടമുണ്ടാക്കിയത് യുഡിഎഫാണെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. വര്‍ഗീയതക്കെതിരായ പോരാട്ടത്തിന് കൂടുതല്‍ ഫലപ്രദം ഇടത് പാര്‍ട്ടികളാണെന്നും ജെഡിയു കൗണ്‍സില്‍ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.
യുഡിഎഫ് നേതാക്കള്‍ വലിയ സൗമനസ്യവും സൗഹാര്‍ദവും കാണിച്ചെങ്കിലും പാര്‍ട്ടിയുടെ രാഷ്ട്രീയാടിത്തറ തകരുകയാണ് യുഡിഎഫ് ബന്ധത്തിലൂടെ ഉണ്ടായതെന്ന് മുന്നണി മാറ്റം പ്രഖ്യാപിച്ചുകൊണ്ട് എം പി വീരേന്ദ്ര കുമാര്‍ പറഞ്ഞു. ലോക്‌സഭാ നിയമസീറ്റുകള്‍ നഷ്ടപ്പെട്ട പാര്‍ട്ടി ഇപ്പോള്‍ സംപൂജ്യരാണ്. യുഡിഎഫ് നല്‍കിയ രാജ്യസഭാ സീറ്റും രാജിവെച്ചാണ് യുഡിഎഫ് വിടുന്നത്. ഇടതുമുന്നണിയുമായുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. 40 വര്‍ഷത്തെ ബന്ധമാണ് എല്‍ഡിഎഫുമായുള്ളത്.
രാജ്യസഭാ സീറ്റിനായി വിലപേശില്ലെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. അടിയന്തരാവസ്ഥക്കാലത്ത് പിണറായിയുമായി ജയിലില്‍ കിടന്നത് ഓര്‍മിച്ച വീരേന്ദ്രകുമാര്‍ പിണറായിയെ പുകഴ്ത്തുകയും ചെയ്തു. ദേശീയതലത്തില്‍ ശരത്് യാദവിനൊപ്പമാണ് ഇപ്പോള്‍ നില്‍ക്കുന്നത്. പാര്‍ട്ടി രൂപീകരണം ലയനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യം ജില്ലാ കമ്മറ്റികള്‍ തീരുമാനിക്കമെന്നും വീരേന്ദ്രകുമാര്‍ അറിയിച്ചു.