പീച്ചി ഡാം റിസർവോയർ അപകടത്തിൽ മരണം മൂന്നായി
അപകടത്തിൽപെട്ട പട്ടിക്കാട് സ്വദേശികളായ അലീന, ആൻ ഗ്രേയ്‌സ് എന്നിവർ നേരത്തെ മരിച്ചിരുന്നു
തൃശൂർ: പീച്ചി ഡാം റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾക്കൂടി മരിച്ചു. പട്ടിക്കാട് സ്വദേശി എറിൻ (16) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂർ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഡാമിൽ വീണ അലീന (16), ആൻ ഗ്രേയ്‌സ്(16) എന്നിവർ നേരത്തെ മരിച്ചിരുന്നു.
ഞായറാഴ്ച വൈകീട്ടാണ് പെൺകുട്ടികൾ റിസർവോയറിൽ വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പട്ടിക്കാട് സ്വദേശികളായ ആൻ ഗ്രേസ്(16), അലീന(16), എറിൻ(16), പീച്ചി സ്വദേശി നിമ(15) എന്നിവരാണ് അപകടത്തിൽപെട്ടത്. നിമയുടെ വീട്ടിൽ പെരുന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു മൂന്നുപേരും.
കുട്ടികൾ ഡാമിന്റെ കൈവരിയിൽ കയറി നിൽക്കവേ പാറയിൽനിന്ന് വഴുതി വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കുളിക്കാൻ വേണ്ടിയാണ് ഡാമിലേക്ക് വന്നത്. നാലുപേർക്കും നീന്തൽ അറിയില്ലായിരുന്നു. ലൈഫ് ഗാർഡും നാട്ടുകാരും ഉടൻ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Summary: Death toll rises to three in girls' fall accident at Peechi Dam reservoir