സംസ്ഥാനത്തെ ജലസ്രോതസ്സുകളില്‍ 67 ശതമാനത്തിലും മാലിന്യമെന്ന് പഠനം

Update: 2018-05-22 14:40 GMT
സംസ്ഥാനത്തെ ജലസ്രോതസ്സുകളില്‍ 67 ശതമാനത്തിലും മാലിന്യമെന്ന് പഠനം
Advertising

അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ കുടിവെള്ള സ്രോതസ്സുകള്‍ പൂര്‍ണമായും നശിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു

സംസ്ഥാനത്തെ ജലസ്രോതസ്സുകളില്‍ 67 ശതമാനത്തിലും മാലിന്യം കുമിഞ്ഞുകൂടിയിരിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ കുടിവെള്ള സ്രോതസ്സുകള്‍ പൂര്‍ണമായും നശിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും സംയുക്തമായി നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്

Full View

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പും സാക്ഷരതാമിഷനും സംയുക്തമായി നടത്തിയ സര്‍വെ റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്തെ ജലശ്രോതസുകളുടെ ഗുരുതര സ്ഥിതിവിവരം പുറത്തുവന്നത്. 14 ജില്ലകളിലെ 2003 വാര്‍ഡുകളിലായി പ്രധാനപ്പെട്ട 3606 ജലശ്രോതസുകളിലാണ് സ്ഥതിവിവരപഠനം നടത്തിയത്. ഇതില്‍ 2642 ജലശ്രോതസുകളും മലിനമാണെന്നാണ് കണ്ടെത്തല്‍. പഠനം നടത്തിയ ജലശ്രോതസുകളൊക്കെയും കുടിവെള്ളത്തിനായി ഉപയോഗിക്കപ്പെടുന്നു എന്നതാണ് ഏറെ പ്രാധാനം. പഠനവിധേയമായ ജലശ്രോതസുകളില്‍ 46.10ശതമാനം ഭാഗികമായി മലിനമായപ്പോള്‍, 26.90ശതമാനം പൂര്‍ണ്ണമായും മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. പൂര്‍ണ്ണമായും മലിനമായ ജലശ്രോതസുകള്‍ ഏറ്റവും കൂടുതലുള്ളത് എറണാകുളം ജില്ലയിലാണ്.തൊട്ടുപിന്നാലെ കണ്ണൂരും. ഏറ്റവും കുറവ് മലിനമായ ജലശ്രോതസുകള്‍ തിരുവനന്തപുരം ജില്ലയിലാണെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

ജലസ്രോതസുകള്‍ മലിനമാക്കുന്നതില്‍ പ്രധാനം ഹോട്ടല്‍ മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും മറ്റ് ചവറുകളുമടങ്ങുന്ന ഖരമാലിന്യം മൂലമെന്നാണ് റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍. ഇതില്‍ മുന്നിലുള്ളത് മലപ്പുറമാണ്. കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളും ഖരമാലിന്യം നിക്ഷേപിച്ച് ജലസ്രോതസുകള്‍ മലിമാക്കുന്നതില്‍ മുന്‍പന്തിയിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ജലസ്രോതസുകളില്‍ കണ്ടിരുന്ന ജൈവവൈവിധ്യത്തിലും മത്സ്യസമ്പത്തിലും ഗണ്യമായ കുറവുണ്ടായതായും ഒപ്പം അമിതമായ വളപ്രയോഗം ജലസ്രോതസുകളെ കൂടുതല്‍ മലിമാക്കുന്നുവെന്നും പഠന റിപ്പോര്‍ട്ട് അടയാളപ്പെടുത്തുന്നു.

സ്ഥിതി ഗുരുതരമായതുകൊണ്ടുതന്നെ തദ്ദേശസ്ഥാപനങ്ങളോ സര്‍ക്കാരോ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം. അതല്ലെങ്കില്‍ ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന ഈരടികള്‍ അന്വര്‍ഥമാകാന്‍ അധികം താമസമുണ്ടാകില്ല.

Tags:    

Similar News