നാദിര്‍ഷക്കെതിരെ തെളിവുകളുണ്ടെന്ന് അന്വേഷണസംഘം
നടിയെ അക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയുടെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷക്കെതിരെ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം പ്രോസിക്യൂഷനെ അറിയിച്ചു. നാദിര്‍ഷയുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ എതിര്‍ക്കും. കേസ് ഡയറി, പള്‍സര്‍ സുനിയുടെ കുറ്റസമ്മത മൊഴി, മറ്റൊരു പ്രതിയായ വിഷ്ണുവിന്റെ മൊഴി ഇവ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രോസിക്യൂഷന് കൈമാറി.
പല തവണ ചോദ്യംചെയ്തിട്ടും തനിക്കെതിരെ തെളിവ് ലഭിക്കാത്ത സാഹചര്യത്തിൽ അറസ്റ്റ് ചെയ്ത് ജയിലലടച്ച് തെളിവുണ്ടാക്കാൻ ശ്രമം നടത്തുന്നു എന്നാണ് നാദിര്‍ഷ ജാമ്യഹരജിയില്‍ പറയുന്നത്. ഇപ്പോൾ കേസുമായി ബന്ധപ്പെട്ട് തെറ്റായ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ തന്‍റെ മേൽ സമ്മർദ്ദം ചെലുത്തുകയാണെന്നും ഹരജിയില്‍ പറയുന്നു.
ഈ മാസം ഏഴിന് നൽകിയ നാദിർഷയുടെ മുൻകൂർ ജാമ്യഹരജി പിറ്റേ ദിവസം അവധിക്കാല ബെഞ്ചിന്‍റെ പരിഗണനക്കെത്തിയെങ്കിലും ഇന്ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു. ജാമ്യഹരജികൾ പരിഗണിക്കുന്ന സ്ഥിരം ബെഞ്ച് മുമ്പാകെ 112ആം ഇനമായാണ് ഇന്ന് മുൻകൂർ ജാമ്യ ഹരജി പരിഗണനക്കെത്തുക. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. നാദിര്‍ഷ 25000 രൂപ തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് പള്‍സര്‍ സുനിക്ക് നല്‍കിയെന്ന സുനിയുടെ മൊഴിയാണ് പ്രോസിക്യൂഷന്‍ പ്രധാനമായും കോടതിയില്‍ ഉന്നയിക്കുക. ദിലീപിനൊപ്പം ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷ നേരത്തെ പറഞ്ഞ പല കാര്യങ്ങളും കളവും പരസ്പര വിരുദ്ധവുമാണെന്നാണ് പോലീസ് വാദം.
അതേസമയം ദിലീപിന്റെ ജാമ്യഹരജി ഈയാഴ്ച തന്നെ നൽകാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇന്ന് ഉണ്ടാവില്ലെന്നാണ് സൂചന. ജുഡീഷ്യൽ കസ്റ്റഡിയിൽ 63 ദിവസം പൂർത്തിയാക്കിയെങ്കിലും നാദിർഷയുടെ മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് ജാമ്യ ഹരജി നൽകേണ്ടതില്ലെന്ന് ദിലീപിന്റെ അഭിഭാഷകർ തീരുമാനിച്ചതെന്നാണ് അറിയുന്നത്.