സ്വാതന്ത്ര്യ സമരങ്ങളുടെ മങ്ങിയ ഓര്‍മകളില്‍ കെ മാധവന്‍
ഈ മാസം 26ന് 102ാം ജന്മദിനം ആഘോഷിക്കുന്ന കെ മാധവേട്ടന്‍
വടക്കേ മലബാറിലെ പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയാണ് കെ മാധവന്‍. ഉപ്പുസത്യാഗ്രഹത്തിലും ഗുരുവായൂര്‍ സത്യാഗ്രഹത്തിലും പങ്കെടുത്തവരില്‍ ജീവിച്ചിരിക്കുന്ന ചുരുക്കം പേരില്‍ ഒരാള്‍. ഈ മാസം 26ന് 102ാം ജന്മദിനം ആഘോഷിക്കുന്ന കെ മാധവേട്ടന്‍ സ്വാതന്ത്ര്യ സമരങ്ങളുടെ മങ്ങിയ ഓര്‍മ്മകളുമായി ഇപ്പോള്‍ കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. അദ്ദേഹത്തിനൊപ്പം ചരിത്രകാരന്‍ ഡോ. സി ബാലന്‍ ചേരുന്നു.
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നിര്‍ണായക നിമിഷങ്ങളിലൂടെ കടന്നു പോയ സേനാനികളില്‍ ഏറ്റവും പ്രമുഖനായ സ്വാതന്ത്ര്യസമര സേനാനിയാണ് കെ മാധവേട്ടന്‍. 1915ല്‍ ജനിച്ച് 1926 മുതല്‍ ദേശീയ പ്രസ്ഥാനത്തില്‍ കടന്ന് വന്ന് സ്വതന്ത്ര്യസമരത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് മാധവേട്ടന്‍. 1928ല്‍ പയ്യന്നൂരില്‍ നടന്ന കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ 4-ാം സംസ്ഥാന സമ്മേളനത്തില്‍ മാധവേട്ടന്‍ വളണ്ടിയറായി പ്രവര്‍ത്തിച്ചു. ഇതിലൂടെ ദേശീയ പ്രസ്ഥാനത്തിലെ പ്രമുഖ നേതാക്കന്‍മാരുമായി ബന്ധം സ്ഥാപിക്കാന്‍ മാധവേട്ടനായി.
കെ കേളപ്പന്റെ നേതൃത്വത്തില്‍ കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് നടത്തിയ ഉപ്പു സത്യാഗ്രഹ ജാഥയിലെ 32 അംഗങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ സമരാംഗമായിരുന്നു കെ മാധവന്‍. നിയമലംഘന പ്രസ്ഥാന പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കല്ലായില്‍ വെച്ച് മാധവേട്ടന്‍ അറസ്റ്റുചെയ്യപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 6മാസം തടവ് ശിക്ഷ അനുഭവിച്ചു. അതിന് ശേഷം നാട്ടില്‍ മടങ്ങിയെത്തിയ മാധവേട്ടന് കോണ്‍ഗ്രസിനകത്ത് വ്യത്യസ്ത ആശയധാര രൂപപ്പെട്ടതിനെ കുറിച്ച് പി കൃഷ്ണപ്പിള്ളയുടെ കത്ത് ലഭിക്കുന്നു.
ഇടതുപക്ഷ ആശയങ്ങള്‍ ഉള്ളവര്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിയുടെ ആദ്യത്തെ കാസര്‍കോട് താലൂക്ക് സെക്രട്ടറിയായിരുന്നു കെ മാധവന്‍. 1939ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്നപ്പോഴും പാര്‍ട്ടിയുടെ ആദ്യത്തെ കാസര്‍കോട് താലൂക്ക് സെക്രട്ടറി മാധവേട്ടന്‍ തന്നെയായിരുന്നു. കയ്യൂര്‍ സമരം നടന്ന 1940ല്‍ പാര്‍ട്ടിയുടെ താലൂക്ക് സെക്രട്ടറി മാധവേട്ടനായിരുന്നു.