'എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ കിട്ടണം'; നെഞ്ച് പൊട്ടി ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും അമ്മമാര്‍
കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് കൃപേഷിന്‍റെ മാതാവ് ആരോപിച്ചു
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ വിധി കേട്ട് പൊട്ടിക്കരഞ്ഞ് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാര്‍. എല്ലാ പ്രതികള്‍ക്കും കനത്ത ശിക്ഷ കിട്ടണമെന്ന് അമ്മമാര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. എല്ലാ കുറ്റവാളികള്‍ക്കും ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്ന് ശരത് ലാലിന്‍റെ അമ്മ വ്യക്തമാക്കി.
കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് കൃപേഷിന്‍റെ മാതാവ് ആരോപിച്ചു. പതിനാല് പ്രതികൾക്കെതിരെ കുറ്റംതെളിഞ്ഞതിൽ സന്തോഷമെന്ന് കൃപേഷിന്‍റെ പിതാവ് പി.വി.കൃഷ്ണൻ പറഞ്ഞു. വെറുതെ വിട്ടവരും കുറ്റക്കാരാണ് . അവരെയും ശിക്ഷിക്കണം. പ്രോസിക്യൂഷനുമായി ആലോചിച്ച് അപ്പീൽ നൽകും. സർക്കാർ തങ്ങൾക്ക് എതിരായിരുന്നെന്നും കൃഷ്ണൻ ആരോപിച്ചു.
കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 14 പ്രതികളാണ് കുറ്റക്കാര്‍. 10 പേരെ കുറ്റവിമുക്തരാക്കി. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന കുറ്റങ്ങൾ തെളിഞ്ഞിട്ടുണ്ട്. ആറു വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കു ശേഷമാണ് കൊച്ചി സിബിഐ കോടതിയുടെ വിധി. ജനുവരി 3നാണ് കേസില്‍ ശിക്ഷാവിധി.