അഞ്ച് വര്‍ഷത്തിന് ശേഷം മഅ്ദനിക്ക് മാതാപിതാക്കള്‍ക്കൊപ്പം പെരുന്നാള്‍
അഞ്ച് വര്‍ഷത്തിന് ശേഷം ചെറിയ പെരുന്നാളിന് മാതാപിതാക്കള്‍ ഒപ്പമുള്ള സന്തോഷത്തിലാണ് അബ്ദുന്നാസിര്‍ മഅ്ദനി.
അഞ്ച് വര്‍ഷത്തിനിപ്പുറം ചെറിയ പെരുന്നാളിന് മാതാപിതാക്കള്‍ ഒപ്പമുള്ള സന്തോഷത്തിലാണ് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. പെരുന്നാള്‍ ദിനത്തില്‍ മാതാപിതാക്കള്‍ ഒപ്പമുള്ളത് ഭാഗ്യമായി കരുതുന്നുവെന്ന് മഅ്ദനി പ്രതികരിച്ചു. വൈകിട്ട് മൈനാഗപ്പള്ളിയിലെ വസതിയിലെ നോമ്പ് തുറയിലും മഅ്ദനി പങ്കെടുത്തു.
2010 ആഗസ്റ്റ് മാസത്തില്‍ ചെറിയ പെരുന്നാളിനായി വ്രതമെടുക്കവെയാണ് ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്യുന്നത്. പിന്നീടിങ്ങോട്ട് രണ്ട് തവണ കേരളത്തിലെത്താനായെങ്കിലും ചെറിയ പെരുന്നാളുകളെല്ലാം ജയിലിലും ബാംഗ്ലൂരിലെ സഹായ ആശുപത്രിയിലുമായിരുന്നു. പുണ്യമാസത്തില്‍ മാതാപിതാക്കള്‍ ഒപ്പമുള്ള സന്തോഷത്തിലാണ് മഅ്ദനി. മകന്‍ പെരുന്നാളിന് ഒപ്പമുള്ളതില്‍ അബ്ദുല്‍സമദ് മാസ്റ്ററും സന്തോഷമറിയിച്ചു.
വൈകിട്ട് മൈനാഗപ്പള്ളിയിലെ വസതിയിലെത്തിയ മഅ്ദനി മാതാപിതാക്കള്‍ക്കൊപ്പമാണ് നോമ്പ് തുറയില്‍ പങ്കുകൊണ്ടത്. മഅ്ദനി എത്തുന്നതറിഞ്ഞ് മൈനാഗപ്പള്ളിയിലെ നാട്ടുകാരും അദ്ദേഹത്തിന്റെ വസതിയിലെത്തി. ഒരു മണിക്കൂറിലധികം മാതാപിതാക്കള്‍ക്കൊപ്പം ചെലവഴിച്ച ശേഷമാണ് മഅ്ദനി മടങ്ങിയത്. നാളെ അന്‍വാര്‍ശേരിയില്‍ നടക്കുന്ന പെരുന്നാള്‍ നമസ്കാരത്തിന് അബ്ദുന്നാസിര്‍ മഅ്ദനി നേതൃത്വം നല്‍കും.