ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; പള്‍സര്‍ സുനിയെ അറിയില്ലെന്ന് നാദിര്‍ഷ
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയെ നാദിര്‍ഷയെ ചോദ്യം ചെയ്ത് പൂര്‍ത്തിയായി. പള്‍സര്‍ സുനിയെ അറിയില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ നാദിര്‍ഷ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആലുവ പൊലീസ് ക്ലബിലാണ്..
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയെ നാദിര്‍ഷയെ ചോദ്യം ചെയ്ത് പൂര്‍ത്തിയായി. പള്‍സര്‍ സുനിയെ അറിയില്ലെന്നും സുനിക്ക് താന്‍ പണം നല്‍കിയിട്ടില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ നാദിര്‍ഷ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ല. വളരെ സൌമ്യമായിട്ടായിരുന്നു ഇന്ന് തന്നെ പൊലീസ് ചോദ്യം ചെയ്തത്. ദിലീപ് നിരപരാധിയാണെന്ന് താന്‍ വിശ്വസിക്കുന്നതായും നാദിര്‍ഷ പ്രതികരിച്ചു. ആലുവ പൊലീസ് ക്ലബില്‍ നാലരമണിക്കൂറാണ് നാദിര്‍ഷയെ ചോദ്യം ചെയ്തത്.
അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ 10.10നാണ് നാദിർഷ പൊലീസ് ക്ലബ്ബിലെത്തിയത്. മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ഉടൻ തന്നെ വൈദ്യപരിശോധന സംഘം എത്തി ആരോഗ്യനില പരിശോധിക്കുകയും ചെയ്തു. ആരോഗ്യനില തൃപ്തികരമാണെന്നതിൽ അവർ തിരികെ പോവുകയും ചെയ്തു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യൽ മുടങ്ങിയിരുന്നു.
അതേസമയം രണ്ട് അറസ്റ്റ് കൂടി ഉണ്ടാകുമെന്ന സൂചനയാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്നത്. പൾസർ സുനിയുടേയും നാദിർഷ നേരത്തെ നൽകിയിരുന്ന മൊഴിയിലെ വൈരുദ്ധ്യങ്ങളുടേയും അടിസ്ഥാനത്തിൽ പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലികളോടെയാണ് ചോദ്യം ചെയ്യൽ. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയുടെ സൈറ്റിൽ വെച്ച് നാദിർഷ പൾസർ സുനിക്ക് പണം കൈമാറിയതും ചോദിച്ചറിയും. ചോദ്യം ചെയ്യലിന്റെ വിശദമായ റിപ്പോർട്ട് അന്വേഷണ സംഘം നാളെ കോടതിയിൽ സമർപ്പിക്കും. ദിലീപ് നല്‍കിയ ജാമ്യഹരജിയില്‍ അങ്കമാലി കോടതി നാളെ വിധി പറയും. കാവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോതി നാളെ പരിഗണിക്കുന്നുണ്ട്.