ആര്‍സിസിയില്‍ കുഞ്ഞിന് എച്ച്ഐവി ബാധിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നു
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് വിദഗ്ധ സമിതിയോട് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്.
ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന ഒമ്പതു വയസ്സുകാരിക്ക് എച്ച്ഐവി സ്ഥിരീകരിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നു. ബ്ലഡ് ബാങ്ക് കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. ചികിത്സാരേഖകള്‍ പരിശോധിച്ച പോലീസ് രക്തദാതാക്കളുടെ വിവരങ്ങള്‍ നല്‍കാന്‍ ആര്‍സിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധസമിതിയും ബ്ലഡ്ബാങ്ക് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
രക്താര്‍ബുദ ചികിത്സയ്ക്കിടെ ഒമ്പതു വയസ്സുകാരിക്ക് എച്ച്ഐവി പിടിപെട്ടുവെന്ന പരാതിയില്‍ പോലീസ് ആര്‍സിസിയിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും മൊഴിയെടുക്കും. ഇന്നലെ തന്നെ കുട്ടിയുടെ ചികിത്സാ രേഖകള്‍ പരിശോധിച്ചിരുന്നു. എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹായത്തോടെ പോലീസ് കുട്ടിയുടെ രക്ത സാമ്പിള്‍ പരിശോധനയും നടത്തി.
ജോയിന്‍റ് ഡിഎംഇ ഡോ. കെ ശ്രീകുമാരി, കോട്ടയം മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി പ്രൊഫസര്‍ ഡോ. ശോഭാ കുര്യന്‍ പുലിക്കോട്ടില്‍, ട്രാന്‍ഫ്യൂഷന്‍ മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ചിത്ര ജെയിംസ്, തൃശൂര്‍ മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ പ്രൊഫസര്‍ ഡോ. ജെ ആന്‍ഡ്യൂസ് എന്നിവരടങ്ങുന്ന വിദഗ്ധ സമിതി ഇന്നും അന്വേഷണം തുടരും. വിദഗ്ധ സമിതിയും ബ്ലഡ് ബാങ്ക് കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടത്തുക. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് വിദഗ്ധ സമിതിയോട് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്.